ഏതു ജോലിയ്ക്കും അന്തസുണ്ടെന്നുള്ളതാണ് സത്യം. ഒരു തൂപ്പുകാരിയുടെ ജോലിയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ഈ അമ്മ ചെയ്ത പ്രവര്‍ത്തി ഏവരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ രാജ്രപ്പ മുന്‍സിപ്പാലിറ്റിയിലെ വിരമിക്കല്‍ ചടങ്ങാണ് സഹപ്രവര്‍ത്തകരെ ഞെട്ടിച്ചത്.
സുമിത്രാ ദേവിയുടെ വിരമിക്കലിന് എത്തിയ ഒരു പ്രധാനപ്പെട്ട വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏവരേയും കോരിതരിപ്പിച്ചു.'ഞങ്ങള്‍ക്ക് വേണ്ടി അമ്മ ഏറെ കഷ്ടപ്പെട്ടു. ഞങ്ങളെ തളരാതെ അവര്‍ കാത്തു. എപ്പോഴും പഠിക്കാനായി കഠിനാധ്വാനം ചെയ്യാന്‍ അവര്‍ ഊര്‍ജ്ജം തന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഓഫീസര്‍മാരായി ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്.'രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ മക്കളില്‍ ഒരാളാണ് ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാര്‍. മൂത്ത മകന് വീരേന്ദ്ര കുമാര്‍ റെയില്‍വെ എഞ്ചിനീയര്‍, രണ്ടാമന് ധീരേന്ദ്ര കുമാര്‍ ഡോക്ടര്‍, ഇളയമകന് മഹേന്ദ്രകുമാര്‍ കലക്ടര്‍. എല്ലാവരെയും പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിച്ചത് തൂപ്പുജോലിയില് നിന്നുകിട്ടുന്ന വരുമാനത്തില്‍ നിന്ന്.
വിരമിക്കല്‍ ചടങ്ങില്‍ തങ്ങളെ പഠിപ്പിക്കാനും വളര്‍ത്താനും അമ്മ സഹിച്ച ത്യാഗങ്ങളെ കുറിച്ച് മക്കള്‍ സംസാരിച്ചപ്പോള്‍ സുമിത്രാ ദേവി സന്തോഷം കൊണ്ട് കരയുകയായിരുന്നു. തുപ്പ് ജോലിയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെയെല്ലാം വളര്‍ത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കിയത്. അത് കൊണ്ട് അമ്മ ഈ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് മഹീന്ദ്ര കുമാര്‍ പറഞ്ഞു.
എല്ലാ മക്കളും ഉയര്‍ന്ന നിലയിലെത്തിയിട്ടും സുമിത്ര ഈ ജോലിയില്‍ തുടര്‍ന്നു. അമ്മയുടെ ജോലിയില്‍ അഭിമാനമുള്ള മക്കളുള്ളപ്പോള്‍ എന്തിനാ ജോലി ഉപേക്ഷിക്കണമെന്ന് സുമിത്രാദേവി ചോദിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി രാജ്രപ്പ മുനിസിപ്പാലിറ്റിയില്‍ സുമിത്ര തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു.