പിഎം ശ്രീ: നടപടികള്‍ കേരളം മരവിപ്പിച്ചതായി അറിയില്ല;തല്‍ക്കാലം മുന്നോട്ടുപോകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎം ശ്രീ: നടപടികള്‍ കേരളം മരവിപ്പിച്ചതായി അറിയില്ല;തല്‍ക്കാലം മുന്നോട്ടുപോകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളം മരവിപ്പിച്ചതായി അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കും. വ്യവസ്ഥകളില്‍ ഇളവ് ഒരു സംസ്ഥാനത്തിന് മാത്രമായി നല്‍കണോ എന്നത് പരിശോധിക്കണം. തല്‍ക്കാലം പദ്ധതി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ടുപോകും. അതിന് എന്തെങ്കിലും തടസ്സം നിലവിലില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേസമയം, പിഎം ശ്രീയില്‍ നിന്ന് കേരളം പിന്നോട്ടെന്ന വാര്‍ത്തകളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചില്ല.

തമിഴ്നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പിഎം ശ്രീയുമായി മുന്നോട്ടുപോകുകയാണ്. കേരളം ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തല്‍ക്കാലം നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കേരളം രേഖാമൂലം അറിയിക്കുന്ന പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കേരളം കത്ത് നല്‍കിയാല്‍ തന്നെ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്. അത് പ്രായോഗികമല്ലെന്ന കാര്യവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിക്കുന്നു.

ഇന്നലെയായിരുന്നു പിഎം ശ്രീയുടെ തുടര്‍നടപടികള്‍ മരവിപ്പിക്കാനുള്ള നിര്‍ണായ തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫിന്റെ നിര്‍ണായക യോഗത്തിലായിരുന്നു തീരുമാനം. പിഎം ശ്രീ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു. ഇതോടെ പിഎം ശ്രീയില്‍ സമവായ തീരുമാനമായി. ഇത് എല്‍ഡിഎഫിന്റെ വിജയമെന്ന് പ്രതികരിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പിന്നാലെ ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. ഇതിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിര്‍ണായ പ്രഖ്യാപനം വന്നു.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷന്‍. സിപിഐയുടെ രണ്ട് മന്ത്രിമാര്‍ ഉപസമിതിയിലുണ്ട്. കെ രാജന്‍, പി പ്രസാദ് എന്നിവരാണ് സിപിഐയില്‍ നിന്ന് ഇടംപിടിച്ചവര്‍.

Other News in this category



4malayalees Recommends