യുവതിയെ ഗര്‍ഭം ധരിപ്പിച്ചാല്‍ പണം ലഭിക്കുമെന്ന വ്യാജേനയുള്ള പരസ്യത്തില്‍ വീണുപോയ 44കാരന് 11 ലക്ഷം രൂപ നഷ്ടമായി. ഇക്കഴിഞ്ഞ സെപ്തംബറില്‍ പൂനെയിലെ കോണ്‍ട്രാക്ടറായ യുവാവ് സമൂഹമാധ്യമത്തില്‍ കണ്ട വീഡിയോ പരസ്യമാണ് തട്ടിപ്പിന് ആധാരം. 'തനിക്ക് ഗര്‍ഭം ധരിക്കാനായി ഒരു പുരുഷനെ വേണം. മാതൃത്വം ആസ്വദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. അയാള്‍ക്ക് 25 ലക്ഷം രൂപ നല്‍കും. പുരുഷന്റെ വിദ്യാഭ്യാസമോ ജാതിയൊ മതമോ രൂപമോ പ്രശ്നമല്ല' എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം ബന്ധപ്പെടുന്നതിനായി നമ്പറും നല്‍കിയിരുന്നു.
പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവ് വിളിക്കുകയായിരുന്നു. പരസ്യം നല്‍കിയ യുവതിയുടെ സഹായി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് ഫോണ്‍ എടുത്തത്. യുവതിയോടൊപ്പം താമസിക്കാന്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
പിന്നാലെ പല ദിവസങ്ങളിലായി രജിസ്ട്രേഷന്‍ ചാര്‍ജ്, ഐഡന്റിറ്റി കാര്‍ഡ് ചാര്‍ജ്, വെരിഫിക്കേഷന്‍, ജിഎസ്ടി, ടിഡിഎസ് എന്നിങ്ങനെ പല ആവശ്യങ്ങള്‍ പറഞ്ഞ് യുവാവില്‍ നിന്നും തട്ടിപ്പുകാര്‍ പണം കൈപ്പറ്റി.
സെപ്തംബര്‍ ആദ്യവാരം മുതല്‍ ഒക്ടോബര്‍ 23 വരെ 100ലേറെ ചെറിയ ഇടപാടുകളിലൂടെ 11 ലക്ഷം രൂപയാണ് യുവാവില്‍നിന്നും സംഘം തട്ടിയത്. ഇടപാടില്‍ സംശയം തോന്നിയതോടെ യുവാവ് ചോദ്യം ചെയ്യാന്‍ തുടങ്ങി. പിന്നാലെ തട്ടിപ്പുകാര്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുപിഐ ഇടപാട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.