ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി, കാമുകനൊപ്പം ജീവിക്കാന്‍ ലക്ഷ്യമിട്ട് അമ്മ മകനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ അംഗദ്പൂരിലാണ് സംഭവം. പ്രദീപ് സിങ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദീപിന്റെ അമ്മ മംമ്ത സിങ്, കാമുകന്‍ മായങ്ക് കത്യാര്‍, സഹോദരന്‍ ഋഷി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ മംമ്തയടക്കം മൂന്ന് പേരും പിടിയിലായി.
മംമ്തയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. പിന്നീടാണ് സ്ത്രീ മായങ്കുമായി അടുത്തത്. അമ്മയുടെ ഈ ബന്ധത്തിന് മകന്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. മകന്റെ പേരില്‍ നാല് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു. ശേഷം മകനെ അത്താഴം കഴിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി.
ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ അത്താഴം കഴിച്ച് തന്റെ താമസസ്ഥലത്തേക്ക് മടങ്ങിയ യുവാവിനെ മായങ്ക് കത്യാര്‍, ഋഷി എന്നിവര്‍ ചേര്‍ന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് അപകടമരണമെന്ന് വരുത്തി തീര്‍ക്കാനായി മൃതദേഹം ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു.
ആദ്യം പൊലീസും സംഭവം അപകടമരണമെന്നാണ് കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പ്രദീപിന്റെ തലയ്ക്ക് പുറകില്‍ ഒന്നിലേറെ തവണ അടിയേറ്റതിന്റെ പരിക്കുകള്‍ കണ്ടെത്തി. ഇതോടെയാണ് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ മംമ്തയും മായങ്കുമായുള്ള ബന്ധവും പ്രദീപ് ഇതിനെ എതിര്‍ത്തതും പൊലീസിന് ബോധ്യമായി. പ്രദീപിന്റെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്ത കാര്യവും പൊലീസ് അറിഞ്ഞു. മൊബൈല്‍ ലൊക്കേഷന്‍ പ്രകാരം സംഭവം നടക്കുമ്പോള്‍ മായങ്കും മംമ്തയും ഒരേ സ്ഥലത്താണെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നുവെന്നും മായങ്ക് മൊഴി നല്‍കി. ഋഷിയെ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇയാള്‍ക്ക് പൊലീസിന്റെ വെടിയേറ്റ് പരിക്കുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, നാടന്‍ തോക്ക്, മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ എന്നിവ പൊലീസ് കണ്ടെത്തി.