ഹാല്‍ സിനിമയ്ക്ക് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്കാ കോണ്‍ഗ്രസ്. പതിനാറ് രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഹാല്‍ സിനിമയുടെ നിര്‍മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി വൈകുന്നേരം നാലുമണിയോടെ പരിഗണിക്കാനിരിക്കെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ സത്യവാങ്മൂലം. സിനിമയിലെ സമയക്രമം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് വിശദമായ സത്യവാങ്മൂലം നല്‍കിയത്.
പെണ്‍കുട്ടികള്‍ ക്രൈസ്തവ മതത്തിലേക്ക് മാറിയെന്ന പരാമര്‍ശം തെറ്റിദ്ധാരണാജനകമാണ്. ഇത് ക്രൈസ്തവ മതം വലിയ തോതില്‍ മതം മാറ്റം നടത്തുന്നുവെന്ന ധാരണയുണ്ടാക്കുന്നതാണ്. സാമുദായിക വിദ്വേഷം വളര്‍ത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. താമരശേരി ബിഷപ്പിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് സിനിമ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സിനിമയില്‍ സാധാരണ കാര്യമായി അവതരിപ്പിക്കുന്നു എന്നിവയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ വാദം. സിനിമയ്ക്ക് സെന്‍സറിംഗ് നിര്‍ദേശിച്ച സിബിഎഫ്സി നടപടി ശരിയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹാല്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട്. താമരശ്ശേരി ബിഷപ്പിനെ ലൗ ജിഹാദിന്റെ പിന്തുണക്കാരനായി കാണിക്കുന്നു. ഇത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീര്‍ത്തിയുണ്ടാക്കും എന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്‌സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്.