അയല്‍ക്കാരായ ഇതരമതവിഭാഗങ്ങളെ കേസില്‍പ്പെടുത്താനും കലാപം ഉണ്ടാക്കാനും ശ്രമം ; അലിഗഢില്‍ ക്ഷേത്രങ്ങളുടെ ചുമരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

അയല്‍ക്കാരായ ഇതരമതവിഭാഗങ്ങളെ കേസില്‍പ്പെടുത്താനും കലാപം ഉണ്ടാക്കാനും ശ്രമം ; അലിഗഢില്‍ ക്ഷേത്രങ്ങളുടെ ചുമരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ക്ഷേത്രങ്ങളുടെ ചുമരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജിശാന്ത് കുമാര്‍, ആകാശ് കുമാര്‍, ദിലീപ് കുമാര്‍, അഭിഷേക് സര്‍സ്വത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെ പ്രതിയായ രാഹുല്‍ നിലവില്‍ ഒളിവിലാണ്. മനഃപൂര്‍വം മതസ്പര്‍ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 25നാണ് ഭഗവാന്‍പൂര്‍, ബുലാഖിഗഡ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലുകളില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കൃത്യമായ ഇടപെടല്‍ വര്‍ഗീയ കലാപം ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു. അയല്‍ക്കാരായ ഇതരമതവിഭാഗങ്ങളെ കേസില്‍പ്പെടുത്തുക എന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചുമരെഴുത്തിലെ അക്ഷരത്തെറ്റാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചതെന്ന് അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) നീരജ് കുമാര്‍ ജാദൗണ്‍ പറഞ്ഞു. മുഹമ്മദ് എന്ന് ഇംഗ്ലീഷില്‍ തെറ്റായാണ് എഴുതിയിരുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളില്‍ ബാനറുകളില്‍ കണ്ട രീതിയിലായിരുന്നില്ല എഴുത്തെന്നത് പൊലീസിന് സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്. പ്രതികളിലൊരാള്‍ക്ക് അയല്‍വാസിയുമായുള്ള ഭൂമി സംബന്ധമായതുമായ തര്‍ക്കങ്ങളും പ്രശ്‌നത്തിന് കാരണമാണെന്ന് കണ്ടെത്തി. ഇവരെ കുടുക്കുകയും കലാപം ഉണ്ടാക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം.

Other News in this category



4malayalees Recommends