യുകെയിലേക്കെത്താന്‍ അഭയാര്‍ത്ഥികള്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഇരട്ടി പണം കൊടുക്കണം; യുകെയിലേക്ക് ഒരാള്‍ക്ക് 8685 പൗണ്ട്; യൂറോപ്പിലേക്ക് 5210 പൗണ്ട്; യൂറോപോള്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ മനുഷ്യക്കടത്ത് സംഘങ്ങളിലൊന്നിനെ അറസ്റ്റ് ചെയ്തു

യുകെയിലേക്കെത്താന്‍ അഭയാര്‍ത്ഥികള്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഇരട്ടി പണം കൊടുക്കണം; യുകെയിലേക്ക് ഒരാള്‍ക്ക് 8685 പൗണ്ട്; യൂറോപ്പിലേക്ക് 5210 പൗണ്ട്; യൂറോപോള്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ മനുഷ്യക്കടത്ത് സംഘങ്ങളിലൊന്നിനെ അറസ്റ്റ് ചെയ്തു
അനധികൃതമായി യുകെയിലെത്തിക്കുന്നതിനായി മനുഷ്യക്കടത്ത് സംഘങ്ങള്‍ അഭയാര്‍ത്ഥികളില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെത്തിക്കുന്നതിനേക്കാള്‍ ഇരട്ടി ഫീസീടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ പ്രവര്‍ത്തിച്ച് വരുന്ന വലിയ മനുഷ്യക്കടത്ത് സംഘത്തെ അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം വെളിപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിന് മനുഷ്യക്കടത്ത് സംഘങ്ങള്‍ ഒരു അഭയാര്‍ത്ഥിയില്‍ നിന്നുമീടാക്കുന്ന താരിഫ് 3475 പൗണ്ട് മുതല്‍ 5210 പൗണ്ട് വരെയാണ്. എന്നാല്‍ അതേ സമയം യുകെയിലേക്കാണ് അനധികൃതമായി എത്തിക്കേണ്ടതെങ്കില്‍ ഇത് 6948 പൗണ്ട് മുതല്‍ 8685 പൗണ്ട് വരെ നല്‍കണം.

യൂറോപ്യന്‍ യൂണിയന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോപോളിനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ലഭിച്ചിരിക്കുന്നത്. യുകെ നാഷണല്‍ ക്രൈം ഏജന്‍സിയുടെ സഹായത്തോടെയാണ് യൂറോപോള്‍ ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളിലൊന്നിനെ പിടികൂടിയിരിക്കുന്നത്. ഇത്തരത്തില്‍ യുകെയിലേക്ക് വരുന്ന അനധികൃത അഭയാര്‍ത്ഥികള്‍ വ്യാജ രേഖകളോ അല്ലെങ്കില്‍ മറ്റുള്ളവരുടെ പാസ്‌പോര്‍ട്ടുകളോ ആണ് ഹാജരാക്കുന്നതെന്ന് യൂറോപോള്‍ നടത്തിയ ഓപ്പറേഷനിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ യുകെയിലേക്ക് അനധികൃതമായി എത്താനാഗ്രഹിക്കുന്നവരെ ഇത്തരം സംഘങ്ങള്‍ കരയിലൂടെ ബാല്‍ക്കന്‍ റൂട്ടിലൂടെയോ അല്ലെങ്കില്‍ വിമാനമാര്‍ഗമോ ആണ് എത്തിക്കുന്നത്.

ഗ്രീസില്‍ നിന്നും മാസിഡോണിയയിലേക്ക് അഭയാര്‍ത്ഥികള്‍ കടക്കുന്ന അതിര്‍ത്തിയും ബാല്‍ക്കണ്‍ റൂട്ടില്‍ ഉള്‍പ്പെടുന്നു. ഇവിടെ നിന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അവരെ ഓസ്‌ട്രേലിയ, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നതാണ്. പിടിയിലായ ശൃംഖല 26 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 11 കേസുകളില്‍ ആളുകളെ എത്തിച്ചത് വായുമാര്‍ഗവും 14 കേസുകളില്‍ ആളുകളെ എത്തിച്ചിരിക്കുന്നത് കരമാര്‍ഗവും ഒന്ന് കടല്‍ മാര്‍ഗവുമാണ്. ഈ യാത്രയുടെ ഓരോ ഘട്ടത്തിലും സംഘം ഓരോ ആളില്‍ നിന്നും 1739 പൗണ്ടാണീടാക്കിയിരുന്നത്.

ഏഥന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ കാര്‍ട്ടല്‍ തന്ത്രപരമായ നീക്കത്തിലൂടെ യൂറോപോള്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും കടക്കാനൊരുങ്ങിയ നാല് അഭയാര്‍ത്ഥികളെ തടഞ്ഞ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഈ ക്രിമിനല്‍ സംഘം സമ്പാദിക്കുന്ന പണത്തിന്റെ വിവരങ്ങളും ഈ ഓപ്പറേഷനിലൂടെ വെളിപ്പെടുകയായിരുന്നു. ഇവിടെ നിന്നും അധികൃതര്‍ 17 പാസ്‌പോര്‍ട്ടുകള്‍, എട്ട് ഐഡന്റിറ്റി കാര്‍ഡുകള്‍, രണ്ട് അഫ്ഗാന്‍ യാത്രാ രേഖകള്‍, ജര്‍മന്‍ വിസകള്‍, 3000 പൗണ്ട് , 24 മൊബൈല്‍ ഫോണുകള്‍, മൂന്ന് ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നോര്‍ത്തേണ്‍ ഫ്രാന്‍സിലേക്ക് കൊണ്ടു പോവുകയും അവിടെ നിന്നും ചാനല്‍ നിയമവിരുദ്ധമായി മറികടന്ന് യുകെയിലെത്തിക്കുകയും ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

Other News in this category4malayalees Recommends