പ്രധാനമന്ത്രിയായില്ലെങ്കിലും കോര്‍ബിനെ തൊടാന്‍ ഇനി ആര്‍ക്കുമാവില്ല; അപ്രതീക്ഷിതമായ ലേബര്‍ മുന്നേറ്റത്തില്‍ പാര്‍ട്ടിയില്‍ അനിഷേധ്യനായി ഉദിച്ചുയര്‍ന്ന് ഇടതുപക്ഷ നേതാവ്; ലേബര്‍ പാര്‍ട്ടി ഇടതുപക്ഷത്തേക്ക് കൂടുതല്‍ ചായുമെന്നുറപ്പായി

പ്രധാനമന്ത്രിയായില്ലെങ്കിലും കോര്‍ബിനെ തൊടാന്‍ ഇനി ആര്‍ക്കുമാവില്ല; അപ്രതീക്ഷിതമായ ലേബര്‍ മുന്നേറ്റത്തില്‍ പാര്‍ട്ടിയില്‍ അനിഷേധ്യനായി ഉദിച്ചുയര്‍ന്ന് ഇടതുപക്ഷ നേതാവ്; ലേബര്‍ പാര്‍ട്ടി ഇടതുപക്ഷത്തേക്ക് കൂടുതല്‍ ചായുമെന്നുറപ്പായി
ഡിയുപിയുമായി കൂട്ടു ചേര്‍ന്ന് തെരേസ മേയ് തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ശക്തമായതോടെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വരെ ലേബര്‍ പാര്‍ട്ടിയിലും യുകെയിലെ രാഷ്ട്രീയത്തിലും ഒന്നിനും കൊള്ളാത്തവനായിരുന്നു ജെറമിനെങ്കിലും ലേബര്‍ നടത്തിയ അപ്രതീക്ഷിത മുന്നേറ്റം കോര്‍ബിനെ പാര്‍ട്ടിയില്‍ ശക്തനാക്കിയിരിക്കുകയാണ്. ലേബറിന്റെ കുതിച്ച് ചാട്ടത്തില്‍ കോര്‍ബിന്‍ അനിഷേധ്യനായി ഉദിച്ചുയര്‍ന്നതിനാല്‍ അദ്ദേഹത്തെ തൊടാന്‍ ഇനി ആര്‍ക്കുമാവില്ലെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. എതിരാളികളെ നിഷ്പ്രഭരാക്കി ലേബര്‍ പാര്‍ട്ടി പൂര്‍ണമായും കോര്‍ബിന്റെ കൈപ്പിടിയിലായതോടെ പാര്‍ട്ടി കൂടുതല്‍ ഇടതുപക്ഷത്തേക്ക് ചായുമെന്നുമുറപ്പായിരിക്കുകയാണ്.

മനസ് കൊണ്ട് പൂര്‍ണ ഇടതുപക്ഷക്കാരനും വിട്ട് വീഴ്ചയില്ലാത്തയാളുമായ കോര്‍ബിനെ നീക്കാന്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നീക്കം ശക്തമാക്കിയിരുന്നുവെങ്കിലും കോര്‍ബിന്‍ പതറാതെ ദൃഢചിത്തനായി പിടിച്ച് നില്‍ക്കുകയായിരുന്നു. പാര്‍ട്ടി അനുയായികളാണ് തന്റെ കരുത്തെന്ന് പറഞ്ഞായിരുന്നു അന്ന് ലേബര്‍ നേതാവ് പിടിച്ച് നിന്നിരുന്നത്. കോര്‍ബിനാണ് ശരിയെന്ന് അടിവരയിടുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വിമര്‍ശകരുടെ ശക്തി ക്ഷയിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ജൂണ്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയെ അഭിമുഖീകരിച്ച് തുടച്ച് നീക്കപ്പെടുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ അവരയെ കാറ്റില്‍ പറത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് കോര്‍ബിന്റെ പാര്‍ട്ടിക്ക് 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 31 സീറ്റുകള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് 261 എംപിമാരാണ് ലേബറിനുള്ളത്. ഈ തിളക്കമാര്‍ന്ന വിജയം ലേബറിന് സമ്മാനിച്ച കോര്‍ബിന് താങ്ങും തണലുമായി മുന്‍ ലേബര്‍ നേതാവായ എഡ് മിലിബാന്‍ഡ് മുന്നോട്ട് വരാനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തന്റെ പാര്‍ട്ടി കൈവരിച്ച മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കോര്‍ബിന്‍ ഇന്നലെ വളരെ പ്രസന്നനായിട്ടായിരുന്നു തന്റെ ഇസ്ലിംഗ്ടണ്‍ മണ്ഡലത്തിലെ ഒരു കഫേയില്‍ ഇരുന്നത്. കോര്‍ബിന്‍ സന്തോഷത്തോടെ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. കൂടെ ഭാര്യ ലോറ അല്‍വാറെസും സന്തോഷവതിയായെത്തിയിരുന്നു. ഈ ഇലക്ഷനോടനുബന്ധിച്ച് കോര്‍ബിന്‍ റിലീസ് ചെയ്ത തീവ്ര ഇടതുപക്ഷ ലൈനിലുള്ള പ്രകടനപത്രികക്ക് ജനം നല്‍കി അംഗീകാരമാണീ വിജയമെന്നാണ് കോര്‍ബിന്‍ പക്ഷം പറയുന്നത്. പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി ലേബര്‍ അനുയായികള്‍ യുകെയിലാകമാനം ജാഥ നടത്തിയിരുന്നു..

Other News in this category4malayalees Recommends