തെരേസ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കടുത്ത ബ്രെക്‌സിറ്റില്‍ നിന്നും പിന്നോട്ടടിക്കുന്നുവോ...? യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് നോണ്‍ യൂറോപ്യന്‍ പങ്കാളികളെ കൊണ്ടുവരാന്‍ പച്ചക്കൊടി കാണിച്ചേക്കും

തെരേസ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കടുത്ത ബ്രെക്‌സിറ്റില്‍ നിന്നും പിന്നോട്ടടിക്കുന്നുവോ...? യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് നോണ്‍ യൂറോപ്യന്‍ പങ്കാളികളെ കൊണ്ടുവരാന്‍ പച്ചക്കൊടി കാണിച്ചേക്കും
യുകെയില്‍ ജീവിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് അവരുടെ നോണ്‍ യൂറോപ്യന്‍ പങ്കാളികളെ ഇവിടേക്ക് കൊണ്ടു വരുന്നതിന് അനുമതി നല്‍കാന്‍ യുകെ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ഈ ആനുകൂല്യം ഇല്ലെന്നിരിക്കവെയാണ് വിധേയപരമായ ഈ നടപടിക്ക് തെരേസ മേയ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ തനിക്കേറ്റ തിരിച്ചടി മൂലം അവര്‍ കടുത്ത ബ്രെക്‌സിറ്റില്‍ നിന്നും പിന്മാറുന്നതിന്റെ സൂചനയായിട്ടാണ് ഈ നീക്കത്തെ നിരവധി പേര്‍ എടുത്ത് കാട്ടുന്നത്. ഇതോടെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് തെരേസ ഉയര്‍ത്തിയ ഒരു പ്രധാന വാഗ്ദാനത്തില്‍ നിന്നാണവര്‍ പിന്മാറാന്‍ ഒരുങ്ങുന്നത്.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച ബ്രസല്‍സില്‍ ആരംഭിക്കാനിരിക്കവെയാണ് തെരേസ ഈ നിര്‍ണായക വിട്ട് വീഴ്ചക്കൊരുങ്ങുന്നതെന്നും സൂചനയുണ്ട്. ഇതേ അവകാശം വിവിധ യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കുന്ന ബ്രിട്ടീഷുകാര്‍ക്കും ബ്രസല്‍സ് അനുവദിച്ചാല്‍ മാത്രമേ ഇവിടെയുള്ള യൂറോപ്യന്‍മാര്‍ക്കും നോണ്‍ യൂറോപ്യന്‍ പങ്കാളികളെ കൊണ്ടു വരാന്‍ അനുവദിക്കുകയുള്ളുവെന്നത് തെരേസയുടെ പ്രധാനപ്പെട്ട ബ്രെക്‌സിറ്റ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അതാണിപ്പോള്‍ അവര്‍ കാറ്റില്‍ പറത്താനൊരുങ്ങുന്നത്.ബ്രെക്‌സിറ്റ് വിലപേശല്‍ ആരംഭിക്കുന്നതിനുള്ള ഉദാരമായ പാക്കേജിന്റെ ഭാഗമായിട്ടാണ് ഈ നീക്കം നടത്താനൊരുങ്ങുന്നതെന്ന് വൈറ്റ്ഹാള്‍ ഉറവിടങ്ങള്‍ ദി ടെലിഗ്രാഫിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രശ്‌നത്തില്‍ യുകെയുടെ ഭാഗത്ത് നിന്നും ബ്രസല്‍സിന് അനുകൂലമായി തീരുമാനമുണ്ടാകുന്നത് വരെ മറ്റൊരു ചര്‍ച്ചയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഒഫീഷ്യലുകള്‍ നേരത്തെ തന്നെ തറപ്പിച്ച് പറഞ്ഞിരുന്നു.എന്നാല്‍ ബ്രസല്‍സിന്റെ ഏകപക്ഷീയമായ ഈ നിലപാടിനെതിരെ കുറച്ച് ദിവസം മുമ്പ് വരെ വിട്ട് വീഴ്ച ചെയ്യാതിരുന്ന തെരേസ ഇപ്പോള്‍ അതില്‍ നിന്നും മലക്കം മറിഞ്ഞ് യൂണിയന് കീഴ്‌പ്പെടുന്ന പ്രവണതയാണ് കാണിക്കുന്നത്. യൂറോപ്യന്‍ യൂണിയന് ബ്രിട്ടന്‍ നല്‍കാനുള്ള പണം തിരിച്ചടക്കുന്നത് വരെ വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയില്ലെന്ന കര്‍ക്കശനിലപാടും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിലപാടിനെയും കുറച്ച് കാലം മുമ്പ് വരെ തെരേസ കര്‍ക്കശമായി എതിര്‍ത്തിരുന്നു.

ബ്രിട്ടന്റെ ബ്രെക്‌സിറ്റ് നിലപാടില്‍ മാറ്റം വരുത്താമെന്ന് ഈ ആഴ്ച ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ജര്‍മന്‍ ധനകാര്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ യുകെയെ ബ്രെക്‌സിറ്റിന്റെ ഭാഗമായി യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നാണ് തെരേസ നേരത്തെ സൂചനയേകിയിരുന്നത്. ഇവ രണ്ടില്‍ നിന്നും പിന്‍വാങ്ങുന്നതോടെ ഇവിടേക്കുള്ള കുടിയേറ്റത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം ബ്രിട്ടന് ലഭിക്കുന്നതാണ്. ഇതാണ് കടുത്ത ബ്രെക്‌സിറ്റിന്റെ സത്തയായി തെരേസ എടുത്ത് കാട്ടിയിരുന്നത്. എന്നാല്‍ യുകെയിലുളള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ നോണ്‍ യൂറോപ്യന്‍ പങ്കാളികളെ ഇവിടേക്ക് കൊണ്ടു വരാമെന്ന നിലപാടില്‍ തെരേസ ഇപ്പോള്‍ വീട്ട് വീഴ്ചക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ കടുത്ത ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പിടിവാശികളില്‍ നിന്നെല്ലാം തെരേസ പിന്മാറി തെരഞ്ഞെടുപ്പ് തോല്‍വിയുടെയും ഡിയുപിയുമായുള്ള കൂട്ട് കക്ഷിസര്‍ക്കാരിന്റെയും പശ്ചാത്തലത്തില്‍ പേരിന് മാത്രമുള്ള ബ്രെക്‌സിറ്റ് നട്ത്തുമോയെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.


Other News in this category4malayalees Recommends