ഷാര്‍ജ കടല്‍ത്തീരത്തിന് വശത്തായി പുതിയ സൈക്ലിംഗ് , ജോഗ്ഗിംഗ് വഴി ഒരുങ്ങുന്നു; അജ്മാന്‍, ഷാര്‍ജ, ദുബായ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് 27 കിലോമീറ്റര്‍ നീളുന്ന പാത

ഷാര്‍ജ കടല്‍ത്തീരത്തിന് വശത്തായി പുതിയ സൈക്ലിംഗ് , ജോഗ്ഗിംഗ് വഴി ഒരുങ്ങുന്നു; അജ്മാന്‍, ഷാര്‍ജ, ദുബായ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് 27 കിലോമീറ്റര്‍ നീളുന്ന പാത
ഷാര്‍ജ: മൂന്ന് എമിറേറ്റുകളായ അജ്മാനില്‍ നിന്നും ഷാര്‍ജയിലേക്കും പിന്നീട് ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും ബന്ധിപ്പിക്കുന്ന സൈക്കിംഗ്, ജോഗ്ഗിംങ് പാത ഉടന്‍ നിര്‍മ്മിക്കാന്‍ തീരുമാനം. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ വ്യാഴാഴ്ച ഇതുസംബന്ധിച്ച് പദ്ധതി പ്രഖ്യാപനം നടത്തി. ഷാര്‍ജ വാട്ടര്‍ഫ്രണ്ട് സൈക്ലിംഗ് ആന്‍ഡ് ജോഗ്ഗിംങ് പാത്ത് പ്രൊജക്ട് ഷാര്‍ജ നഗരത്തിന് കുറുകെ നിരവധി ഘട്ടങ്ങളുള്ള പാത നിര്‍മ്മിക്കാനുള്ള പദ്ധതിയാണ്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ആരോഗ്യകരമായി ജീവിതം കെട്ടിപ്പടുക്കാന്‍ പുതിയ പദ്ദതി വഴി സാധിക്കും. 27 കിലോമീറ്ററാണ് പുതിയ പാതയുടെ നീളം.

മുഴുവനായി കടല്‍ത്തീരത്തുകൂടിയുള്ള പദ്ധതി ആരംഭിക്കുന്നത് കടല്‍ത്തീരഭാഗമായ അജ്മാന്‍ ഷാര്‍ജ അതിര്‍ത്തിയില്‍ നിന്നുമാണ്. അല്‍ മുന്‍തസാഹ് സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച് അല്‍ ജുബൈല്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് വഴി ഖാലിദ് ലേക്കിന് ചുറ്റും നീളുന്നതാണ് പാത്ത്. ഇത് പിന്നീട് അല്‍ ഖസ്ബയിലേക്ക് കടക്കുന്നു. ഇവിടെ നിന്നും അല്‍ മീന സ്ട്രീറ്റിലേക്കും പിന്നീട് അല്‍ ഖാന്‍ ലഗൂണിലേക്കും അവിടെ നിന്നും അല്‍ മംമ്‌സാറിലേക്കും നീളുന്നു. അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലൂടെ 5.5 കിലോമീറ്ററാണ് കടന്ന് പോകുന്നത്.

സൈക്കിംഗ് പാത്തിനും ജോഗ്ഗിംങ്ങിനും പുറമെ കുടുംബങ്ങള്‍ക്കായി പ്രത്യേകം വിനോദകേന്ദ്രവും പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുണ്ട്. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ്സ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അറിയിച്ചു. ഷാര്‍ജ നിവാസികളുടെ ജീവിത രീതിയെ ഏറെ സ്വാധീനിക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends