കശാപ്പിന് നിയന്ത്രണം ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഗോവയിലെ ബിജെപി സര്‍ക്കാര്‍ !

കശാപ്പിന് നിയന്ത്രണം ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഗോവയിലെ ബിജെപി സര്‍ക്കാര്‍ !
കശാപ്പിന് കന്നുകാലികളെ വാങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഗോവയിലെ ബിജെപി സര്‍ക്കാര്‍. ജനങ്ങളുടെ മനസ്സില്‍ വിഷയത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി കൃഷിമന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു.

ഗോവക്കാരില്‍ നല്ല പങ്കും ബീഫ് ഇഷ്ടപ്പെടുന്നവരാണ്.എല്ലാവരെയും സസ്യഭുക്കുകളാക്കാനുള്ള ശ്രമമാണ് പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്. ഇവരുടെ സംശയം പരിഹരിക്കപ്പെടണമെന്നും സര്‍ദേശായി പറഞ്ഞു. ജാതി പറഞ്ഞു കലാപത്തിനു ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കശാപ്പിനായുള്ള കന്നുകാലി വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്മേല്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഗോവന്‍ സര്‍ക്കാരിന്റെ നീക്കം. സുപ്രീം കോടതിക്കു കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. കേസ് ജൂലൈ 11നു വീണ്ടും പരിഗണിക്കും.

കശാപ്പിനു കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തിനെതിരെ രാജ്യമൊട്ടുക്കു പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. വിജ്ഞാപനത്തിനു സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ കേന്ദ്രത്തിന്റെ കൂടെ അഭിപ്രായം കേട്ടശേഷം നിലപാടെടുക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, കശാപ്പിനു കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends