ശ്രീറാമിനെ വെട്ടിലാക്കി വീണ്ടും പിണറായിയുടെ ഉത്തരവ് ; നോട്ടീസ് നല്‍കിയവരെ ഒഴിപ്പിക്കണ്ടെന്ന് !

ശ്രീറാമിനെ വെട്ടിലാക്കി വീണ്ടും പിണറായിയുടെ ഉത്തരവ് ; നോട്ടീസ് നല്‍കിയവരെ ഒഴിപ്പിക്കണ്ടെന്ന് !
ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ മൂന്നാറിലെ 22 സെന്റ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.മൂന്നാര്‍ വില്ലേജ് ഓഫിസ് തുടങ്ങാന്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. അതേസമയം, മൂന്നാര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടു.

മൂന്നാര്‍ പോലീസ് സ്‌റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ സബ്കലക്ടര്‍ നല്‍കിയ നോട്ടീസില്‍ ജൂലൈ ഒന്നുവരെ ഒരു തുടര്‍നടപടിയും കൈക്കൊള്ളരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതാണ്, അതു പാതിവഴിക്ക് നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. മാത്രമല്ല മൂന്നാര്‍ സംബന്ധിച്ച എല്ലാ നടപടികളിലും പ്രദേശിക സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിലും സിപിഐക്ക് നീരസമുണ്ട്. ജൂലൈ ഒന്നാം തീയതി ചേരുന്ന യോഗത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ വീണ്ടും നിയന്ത്രണങ്ങളുണ്ടായേക്കാമെന്ന സൂചനയുണ്ട് .

Other News in this category4malayalees Recommends