വിവാദങ്ങള്‍ വീണ്ടും പുകയുന്നു ; പ്രതിപക്ഷ നേതാവിനെ പോലും ഒഴിവാക്കിയ മെട്രോ യാത്രയില്‍ കുമ്മനം യാത്ര ചെയ്തത് സുരക്ഷാ വീഴ്ച ; അന്വേഷിക്കണമെന്ന് കടകംപള്ളി

വിവാദങ്ങള്‍ വീണ്ടും പുകയുന്നു ; പ്രതിപക്ഷ നേതാവിനെ പോലും ഒഴിവാക്കിയ മെട്രോ യാത്രയില്‍ കുമ്മനം യാത്ര ചെയ്തത് സുരക്ഷാ വീഴ്ച ; അന്വേഷിക്കണമെന്ന് കടകംപള്ളി
കൊച്ചി മെട്രോ ഉദ്ഘാടന വേദിയിലെ നാടമുറിക്കലിലും മെട്രോ ട്രെയിനിലെ യാത്രയിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കടന്നു കയറിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം അന്വേഷിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാള്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറിയത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓര്‍ക്കണം. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ഇ.ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സ്ഥലം എം.എല്‍.എയായ പി.ടി തോമസിനെ പോലും അവര്‍ ഉള്‍പ്പെടുത്താനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കുമ്മനത്തിനെ അനുവദിച്ചത്.ഇതാദ്യമായല്ല, പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത മറ്റൊരു വേദിയിലും കുമ്മനം യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. താന്‍ പറയുന്നത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായ പ്രോട്ടോക്കോള്‍ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവര്‍ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുവാദമുള്ളതിനാലാണ് താന്‍ ഒപ്പം യാത്ര ചെയ്തതെന്നു കുമ്മനം നേരത്തെ വിശദീകരിച്ചിരുന്നു.ബിജെപി നേതാക്കളും കടകംപള്ളിയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ കുമ്മനത്തെ ഒഴിവാക്കിയുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ചയായി.എന്നാല്‍ പ്രധാനമന്ത്രിയുടെ ഷെയറില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends