വിവാഹത്തട്ടിപ്പുകാരിയെ കതിര്‍മണ്ഡപത്തില്‍ നിന്ന് പിടികൂടി, യുവാക്കളെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന യുവതിയാണ് പിടിയിലായത്

വിവാഹത്തട്ടിപ്പുകാരിയെ കതിര്‍മണ്ഡപത്തില്‍ നിന്ന് പിടികൂടി, യുവാക്കളെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന യുവതിയാണ് പിടിയിലായത്
പന്തളം: വിവാഹത്തട്ടിപ്പുകാരി കതിര്‍മണ്ഡപത്തില്‍ നിന്ന് പൊലീസ് പിടികൂടി. അഞ്ചോളം യുവാക്കളെ കബളിപ്പിച്ച കേസിലാണ് കൊട്ടാരക്കര ഷിബുവിലാസത്തില്‍ വി.ശാലിനി(32) അറസ്റ്റിലായത്.

പത്രത്തില്‍ പരസ്യം നല്‍കി യുവാക്കളുടെ പണവും സ്വര്‍ണവും തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇപ്പോള്‍ മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. വിവാഹപരസ്യം നല്‍കി കണ്ടെത്തിയ പത്തനംതിട്ടയിലെ യുവാവും ശാലിനിയും തമ്മിലുളള വിവാഹത്തിന് കഴിഞ്ഞ ദിവസം പന്തളം കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.

പന്ത്രണ്ട് മണിയോടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായി സുഹൃത്തുകളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് അമ്പലംസെക്രട്ടറി പി.എസ്.അഭിലാഷ് ശാലിനിയെ തിരിച്ചറിഞ്ഞത്. അഭിലാഷിന്റെ സുഹൃത്തായ കിടങ്ങന്നൂര്‍ സ്വദേശി ശാലിനിയുടെ തട്ടിപ്പിന് ഇരയായ ആളാണ്. അഭിലാഷും മറ്റൊരു സുഹൃത്ത് മനുവും കൂടി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍സ്വദേശിയും സ്ഥലത്തെത്തി.

രക്ഷപ്പെടാന്‍ ശാലിനി ശ്രമിച്ചെങ്കിലും നടന്നില്ല. അടൂര്‍ ഡിവൈഎസ്പി എസ് റഫീക്കിന്റെ നിര്‍ദേശപ്രകാരം സിഐ ആര്‍ സുരേഷ്, എസ്‌ഐ സനൂജ് എന്നിവരുടെ നേതൃത്വത്തിലുളളസംഘം രണ്ട് മണിയോടെ ശാലിനിയെ കസ്റ്റഡിയിലെടുത്തു.

രണ്ടാഴ്ച മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന ശാലിനിയുടെ പത്രപരസ്യം കണ്ടതെന്ന് പത്തനംതിട്ട സ്വദേശി പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പരസ്പരം ഫോണില്‍ വിവരങ്ങള്‍ കൈമാറി. ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞു ഒരു സ്ത്രീ വിളിച്ചിരുന്നു. ശാലിനിയുടെ ആവശ്യ പ്രകാരം മണ്ണാറശാല ക്ഷേത്രത്തില്‍ ഇരുവരും കൂടിക്കാഴ്ചയും നടത്തി.

ബന്ധുക്കളുമായി ആലോചിച്ച ശേഷം വിവാഹം നടത്താമെന്ന് യുവാവ് പറഞ്ഞെങ്കിലും ഉടന്‍ വിവാഹം വേണമെന്ന നിലപാടിലായിരുന്നു ശാലിനി. ഒടുവില്‍ ശാലിനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി. ബംഗളൂരുവില്‍ ജോലിയുണ്ടായിരുന്ന തനിയ്ക്ക് അടുത്തിടെ കേരള ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും എല്‍എല്‍എം ബിരുദ ധാരണിയാണെന്നും ഇവര്‍ യുവാവിനോട് പറഞ്ഞിരുന്നു. അമ്പത് പവന്റെ ആഭരണങ്ങളും വിവാഹ സമയത്ത് ധരിച്ചിരുന്നു. ഇവരെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.
Other News in this category4malayalees Recommends