എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ്: സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാതെ പ്രതിപക്ഷം

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ്: സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാതെ പ്രതിപക്ഷം

ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നു. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് കാണ്‍പൂരിലെ ദലിത് നേതാവായ രാംനാഥിനെ(81) സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. ഈ മാസം 23ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. അതേസമയം ഉപരാഷ്ട്രപതിയുടെ കാര്യത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വിവരം.


ബിജെപിയോടും ആര്‍എസ്എസുമായും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപി ദലിത് മോര്‍ച്ചയുടെ മുന്‍ ചെയര്‍മാനും ഓള്‍ ഇന്ത്യ സമാജത്തിന്റെ പ്രസിഡന്റുമാണ്. 1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാണ്‍പൂര്‍ സര്‍വകലാശാലയില്‍നിന്ന് ബികോം, നിയമ ബിരുദങ്ങള്‍ നേടിയ ശേഷം പതിനാറു വര്‍ഷം ഡല്‍ഹി ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിലായി പ്രാക്ടീസ് ചെയ്തു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ആയിരുന്നു.

അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. രാംനാഥിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞശേഷമാണ് തങ്ങളെ അറിയിച്ചതെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. അതേസമയം രാംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലുള്ളത് ആര്‍എസ്എസ് അജണ്ടയാണെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. ബിജെപി തീരുമാനം ഏകപക്ഷീയമാണെന്ന് ശിവസേന പ്രതികരിച്ചു. പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

Other News in this category4malayalees Recommends