കോഴിമുട്ടയില്‍ മാരക കീടനാശിനി: വളര്‍ത്തു മൃഗങ്ങളിലെ ചെള്ളുബാധ പ്രതിരോധിക്കുന്ന കീടനാശിനി കണ്ടെത്തി, മുട്ട ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിമുട്ടയില്‍ മാരക കീടനാശിനി: വളര്‍ത്തു മൃഗങ്ങളിലെ ചെള്ളുബാധ പ്രതിരോധിക്കുന്ന കീടനാശിനി കണ്ടെത്തി, മുട്ട ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ലണ്ടന്‍: വ്യാജ കോഴിമുട്ടകളുടെ വിതരണം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലാണ് സ്ഥിതിഗതികള്‍ വഷളായത്. പതിനഞ്ചു രാജ്യങ്ങളില്‍ വിതരണം ചെയ്ത കോഴിമുട്ടകളില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുട്ടകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇവ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണങ്ങളും വിലക്കിയിട്ടുണ്ട്. പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനികളായ മോറിസണ്‍ , അസ്ദ ,വൈട്രോസ് ,സെയിന്‍സ്ബറി തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ മുട്ടയുടേയും മുട്ട ഉത്പന്നങ്ങളുടേയും വില്‍പ്പന നിര്‍ത്തിവച്ചു.

മുട്ട ചേര്‍ന്ന സാന്‍ഡ് വിച്ച്, സലാഡുകള്‍, കേക്ക്, ബിസ്‌ക്കറ്റ് തുടങ്ങിയവയും വിപണിയില്‍നിന്ന് പിന്‍വലിച്ചു. പ്രധാനമായും ഹോളണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത മുട്ടകളിലാണ് ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. വളര്‍ത്തു മൃഗങ്ങളിലെ ചെള്ളുബാധ പ്രതിരോധിക്കുന്ന കീടനാശിനിയാണ് ഫിപ്രോനില്‍. ഭക്ഷണത്തിന് ഉപയോഗിക്കുന്ന മൃഗങ്ങളിലും പക്ഷികളിലും ഈ മാരകവിഷം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് യൂറോപ്യന്‍ യൂണിയനിലെ നിയമം. ബെല്‍ജിയത്തിലേയും നെതര്‍ലാന്‍ഡിലേയും വിവിധ ചിക്കന്‍ ഫാമുകളില്‍ ഈ കീടനാശിനി തെറ്റായി ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

മസിലുകള്‍, വൃക്ക, കരള്‍ എന്നിവയാണ് ഇത് ബാധിക്കുക. യൂറോപ്പില്‍ ഉപയോഗിക്കുന്ന മുട്ടകളില്‍ എഴുപതു ശതമാനത്തോളം ഹോളണ്ടില്‍ നിന്നുള്ള മുട്ടകളാണ്. പരസ്പരമുള്ള ആരോപണങ്ങള്‍ നിര്‍ത്തിവച്ച് പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 26ന് ചേരുന്ന ഭക്ഷ്യ റഗുലേറ്ററി കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തും.

ബല്‍ജിയത്തിലാണ് കീടനാശിനി ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. എന്നാല്‍ ഇതിനു മുമ്ബുതന്നെ ഹോളണ്ടില്‍ ഇത് കണ്ടെത്തിയതായി ആരോപണമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ മുട്ട ഉത്പാദകരായ ഹോളണ്ട് അത് പുറത്തു വിട്ടില്ലെന്നും ബല്‍ജിയം ആരോപിക്കുന്നു. തുടര്‍ന്ന് ജര്‍മ്മനിയിലും ഫ്രാന്‍സിലും കീടനാശിനി കലര്‍ന്ന മുട്ട കണ്ടെത്തി. യൂറോപ്പില്‍ ഉപയോഗിക്കുന്ന മുട്ടകളില്‍ എഴുപതു ശതമാനത്തോളം ഹോളണ്ടില്‍ നിന്നുള്ള മുട്ടകളാണ്. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ല്ക്‌സംബര്‍ഗ്, റുമേനിയ, പോളണ്ട്, ഡെന്മാര്‍ക്ക്, സ്ലോവേനിയ, സ്‌ളോവാക്യ എന്നീ രാജ്യങ്ങളിലാണ് വിഷമുട്ടകള്‍ കൂടുതലായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരം മുട്ടകള്‍ ഏഷ്യയിലും എത്തി. ഹോങ്കോങ്ങിലാണ് ഈ മുട്ടകള്‍ എത്തിയതായി സ്ഥിരീകരിച്ചത്.

Other News in this category4malayalees Recommends