ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്ക, ഗോരക്ഷകര്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തില്ലെന്ന് ആരോപണം, രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ആണ് ഈ പരാമര്‍ശം

ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്ക, ഗോരക്ഷകര്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തില്ലെന്ന് ആരോപണം, രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ആണ് ഈ പരാമര്‍ശം
വാഷിങ്ടണ്‍: മതവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്ന ഗോരക്ഷകര്‍ക്ക് നേരെ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഗോരക്ഷയ്ക്ക് വേണ്ടിയുളള നിയമങ്ങളും പ്രചാരണങ്ങളും മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങളുമാണ് ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നതിലേറെയും മുസ്ലീങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഇസ്ലാമിന് നേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചുളള ആക്രമണങ്ങളുമുണ്ട്. മതം മാറി വിവാഹം കഴിച്ച ദമ്പതിമാര്‍ക്ക് ക്രിസ്ത്യന്‍, മുസ്ലീം സ്ഥാപനങ്ങള്‍ ശവസംസ്‌കാരത്തിനുളള അവകാശം നിഷേധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിനെ നിന്ദിച്ചും എന്ന പരാതിയില്‍ കത്തോലിക്ക പുരോഹിതനെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു, ബുര്‍ഖ ധരിച്ചെത്തിയ അധ്യാപികയെ പരിശീലന പരിപാടിയില്‍ നിന്ന് പുറത്താക്കി തുടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ടില്‍ എടുത്ത് കാട്ടിയിട്ടുണ്ട്.

രാജ്യത്ത് 2015ല്‍ 751 സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ 97 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 2264 പേര്‍ക്ക് പരിക്കേറ്റെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇവര്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യാനികളെ അധിക്ഷേപിക്കുന്ന 300 സംഭവങ്ങള്‍ 2016ല്‍ ഉണ്ടായി.

ഹിന്ദു ദേശീയ വാദികള്‍ അഹിന്ദുക്കള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ചില ഗുണപരമായ മാറ്റങ്ങളും ഈ കാലയളവില്‍ രാജ്യത്തുണ്ടായി. മഹാരാഷ്ട്രയില്‍ ജൂതമതത്തിന് ന്യൂനപക്ഷ പദവി നല്‍കിയാണ് അതില്‍ പ്രധാനമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Other News in this category4malayalees Recommends