എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവരല്‍ ; പിടിയിലായപ്പോള്‍ ഗര്‍ഭിണിയെന്ന് കള്ളവും

എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവരല്‍ ; പിടിയിലായപ്പോള്‍ ഗര്‍ഭിണിയെന്ന് കള്ളവും
യുവതിയുടെ ബാഗില്‍ നിന്ന് എടിഎം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം അപഹരിച്ച കേസില്‍ സ്ത്രീ പിടിയില്‍.തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിനി മാരിയപ്പന്‍ ഭാര്യ നന്ദിനിയെയാണ്(48) പോലീസ് പിടികൂടിയത്.കഴിഞ്ഞ മാസം 23ന് പെരുമ്പാവൂര്‍ ആര്‍ടി ഓഫീസ് ജങ്ഷനില്‍ നിന്ന് ടൗണിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്ത മഞ്ജുഷയെന്ന യുവതിയുടെ ബാഗിലുണ്ടായിരുന്ന രണ്ട് എടിഎം കാര്‍ഡുകളാണ് ഇവര്‍ മോഷ്ടിച്ചത്.

കാര്‍ഡ് മോഷണം പോയത് ബോധ്യപ്പെട്ട യുവതി ഉടന്‍ തന്നെ ബാങ്കില്‍ എത്തി കാര്‍ഡ് മരവിപ്പിച്ചിരുന്നു.എന്നാല്‍ അതിന് തൊട്ടുമുമ്പ് തന്നെ രണ്ട് എടിഎമ്മുകളില്‍ നിന്നായി അമ്പതിനായിരം രൂപ പിന്‍വലിച്ചിരുന്നു.പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇതു കാലടിയില്‍ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പിന്‍വലിച്ചതെന്ന് വ്യക്തമായി.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടെ വ്യാഴാഴ്ച രാവിലെ പെരുമ്പാവൂര്‍ ടൗണ്‍ പള്ളിയ്ക്ക് സമീപമെത്തിയ മോഷ്ടാവായ യുവതി തന്റെ കണ്ണട മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂരിലെ യുവ മാധ്യമപ്രവര്‍ത്തകനായ ജബ്ബാറിന്റെ ശ്രദ്ധയില്‍പ്പെട്ടു.പോലീസില്‍ വിവരം അറിയിച്ചെങ്കിലും യുവതി ബസില്‍ കയറി.മാധ്യമപ്രവര്‍ത്തകന്‍ പിന്തുടര്‍ന്നതോടെ യുവതി കസ്റ്റഡിയിലായി.സ്‌റ്റേഷനില്‍ എത്തിയ ഉടന്‍ താന്‍ ഗര്‍ഭിണിയാണെന്ന് പോലീസിനോട് പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ കള്ളമാണെന്ന് വ്യക്തമായി.

Other News in this category4malayalees Recommends