കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും.
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വാര്‍ഷീകം രൂപതയിലുടനീളം തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാനും,വിവേചനത്തിന്റെയും,ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാല്മ ശുശ്രുഷകളുമായി രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്. രൂപതയുടെ പ്രാഥമിക വര്‍ഷത്തിനിടയിലെ വിജയക്കുതിപ്പിന്റെ സന്തോഷ വേളയില്‍ തന്റെ മുഖ്യ ദൈവീക കര്‍മ്മ പദ്ധതിയായ 'സുവിശേഷവല്‍ക്കരണ'ത്തിനു നാന്ദി കുറിക്കുവാന്‍ പിതാവ് തന്നെ വിഭാവനം ചെയ്തു സംഘടിപ്പിക്കുന്ന ഒന്നാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ രൂപതയില്‍ 'വിശ്വാസൈക്യ' വിളംബരം ആയി മാറും.


'അല്ലിന്‍സ് പാര്‍ക്ക്' അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു മൂന്നു ഹാളുകളിലായി അനുഗ്രഹ പറുദീസ തീര്‍ക്കുമ്പോള്‍ കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്കും വേണ്ടി വെവ്വേറെ ഹാളുകളിലായി സെഹിയോന്‍ യു കെ മിനിസ്ട്രിയുടെയും, നാട്ടില്‍ നിന്നുമുള്ള പ്രമുഖ സുവിശേഷകരെയും ഉള്‍പ്പെടുത്തി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രുഷകള്‍ നടത്തപ്പെടുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങള്‍ക്കു ആല്മീയമായ ഊര്‍ജ്ജവും, ജ്ഞാനവും, നന്മകളും കൂടുതലായി പകരുവാന്‍ സൗകര്യപ്രദമായി കിട്ടുന്ന ഈ സുവര്‍ണ്ണാവസരം മക്കള്‍ക്കായി നല്‍കാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും.


പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ക്രൈസ്തവഅക്രൈസ്തവര്‍ക്കിടയില്‍ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പര്‍ശവും അനുഭവവേദ്യമാക്കുവാന്‍ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരില്‍ ഒരാളും,സെഹിയോന്‍ ശുശ്രുഷകളുടെ സ്ഥാപകനും ആയ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനെ തന്നെയാണ് സ്രാമ്പിക്കല്‍ പിതാവ് തന്റെ സുവിശേഷ യജ്ഞത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് . ഇമ്പം പകരുന്ന കുടുംബങ്ങളായി മാറുവാനും,ദൈവ സന്താനങ്ങളായി വിളങ്ങുവാനും ഉതകുന്ന ദൈവ കൃപയുടെ, അനുഗ്രഹങ്ങളുടെ,നവീകരണത്തിന്റെ,വിശ്വാസോര്‍ജ്ജകമായ ശുശ്രുഷയുമായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വേദിയെ അക്ഷരാര്‍ത്ഥത്തില്‍ പരിശുദ്ധാല്മാവ് നയിക്കുമ്പോള്‍ സേവ്യര്‍ഖാന്‍ അച്ചന്‍ അതിലെ ശുശ്രുഷകനാവും.


ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 9:30 നു പരിശുദ്ധ അമ്മക്ക് ജപമാല സമര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും.വൈകുന്നേരം ആറു മണി വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


പരിശുദ്ധാല്‍മ ശുശ്രുഷകളിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതോടൊപ്പം ഏവര്‍ക്കും അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ കൃപകളുടെയും,വരദാനങ്ങളുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുമാറാകട്ടെ എന്ന് ആശംശിക്കുകയും ചെയ്യുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല,ഫാ.ഹാന്‍സ് പുതിയകുളങ്ങര,ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ.സാജു പിണക്കാട്ട്, കണ്‍വെന്‍ഷന്‍ സംഘാടക സമിതി എന്നിവര്‍ അറിയിച്ചു.

Other News in this category4malayalees Recommends