യുഎസും ദക്ഷിണകൊറിയയും പുതിയ സംയുക്ത സൈനിക അഭ്യാസം ഇന്ന് ആരംഭിക്കുന്നു; കൊറിയന്‍ ഉപദ്വീപിന്റെ സമുദ്രഭാഗത്ത് ആരംഭിക്കുന്ന ഡ്രില്ലില്‍ ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, 40 നേവല്‍ ഷിപ്പുകള്‍ പങ്കെടുക്കും; പ്രകോപനപരമെന്ന് പ്യോന്‍ഗ്യാന്‍ഗ്

യുഎസും ദക്ഷിണകൊറിയയും പുതിയ  സംയുക്ത സൈനിക അഭ്യാസം ഇന്ന് ആരംഭിക്കുന്നു; കൊറിയന്‍ ഉപദ്വീപിന്റെ സമുദ്രഭാഗത്ത് ആരംഭിക്കുന്ന ഡ്രില്ലില്‍ ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, 40 നേവല്‍ ഷിപ്പുകള്‍ പങ്കെടുക്കും; പ്രകോപനപരമെന്ന് പ്യോന്‍ഗ്യാന്‍ഗ്
ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള വാക് തര്‍ക്കവും യുദ്ധഭീഷണിയും മൂര്‍ധന്യത്തിലെത്തി നില്‍ക്കവെ യുഎസും ദക്ഷിണകൊറിയയും തമ്മിലുള്ള പുതിയ നാവിക അഭ്യാസം ആരംഭിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ അഭ്യാസമാണിത്. അമേരിക്കന്‍ ടെറിട്ടെറിയായ ഗുവാമില്‍ പുതിയ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പ്യോന്‍ഗ്യാന്‍ഗ് പുതിയ ഭീഷണി ഉയര്‍ത്തിയതിന് ശേഷമാണ് ഈ സംയുക്ത സൈനിക അഭ്യാസത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പതിവു പോലെ ഇതിനെ പ്രകോപനപരമെന്ന് ആരോപിച്ച് പ്യോന്‍ഗ്യാന്‍ഗ് രംഗത്തെത്തിയിട്ടുമുണ്ട്.

ഈ അഭ്യാസം ഇന്ന് കൊറിയന്‍ ഉപദ്വീപിന്റെ സമുദ്രഭാഗത്ത് ആരംഭിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ നേവി വെളിപ്പെടുത്തുന്നത്. ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, 40 നേവല്‍ ഷിപ്പുകള്‍, തുടങ്ങിയവ ഉള്‍പ്പെടുന്ന സംയുക്ത അഭ്യാസമാണിത്. ഇതില്‍ യുഎസ്എസ് റൊണാള്‍ഡ് റെയ്ഗനും ഭാഗഭാക്കാകും. ദക്ഷിണകൊറിയയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ സംയുക്തമായി ഇടക്കിടെ ഇത്തരം അഭ്യാസങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇവ തങ്ങളെ ആക്രമിക്കുന്നതിനുള്ള റിഹേഴ്‌സല്‍ ആണെന്ന് ഉത്തരകൊറിയ ആരോപണം ഉന്നയിക്കാറുമുണ്ട്.

യുഎസ് എയര്‍ക്രാഫ്റ്റ് കാരിയര്‍, മറ്റ് യുദ്ധസന്നാഹങ്ങള്‍ തുടങ്ങിയവ ഉപദ്വീപിനടുത്തേക്കെത്തിച്ച് യുദ്ധത്തിന് പ്രകോപനം ഉണ്ടാക്കുകയാണെന്ന് ഉത്തരകൊറിയ കഴിഞ്ഞ ആഴ്ച അപലപിച്ചിരുന്നു.ഇതിനെ പ്രതിരോധിക്കാനായി ഗുവാമിന് സമീപത്ത് മിസൈല്‍ പ്രയോഗം നടത്താന്‍ തങ്ങള്‍ ഇതിനാല്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും ഉത്തരകൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തരകൊറിയക്ക് മേല്‍ ആദ്യ ബോംബ് വര്‍ഷിക്കുന്നത് വരെ ആ രാജ്യവുമായുള്ള നയതന്ത്രം തുടരുമെന്ന പ്രഖ്യാപനവുമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്സ് റില്ലേര്‍സന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പ്യോന്‍ഗ്യാന്‍ഗുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി സാധ്യമായെടുത്തോളം നയതന്ത്രം തുടരാനാണ് പ്രസിഡന്റ് ട്രംപ് തന്നോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ടില്ലേര്‍സന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നത്.

Other News in this category4malayalees Recommends