യുഎസ് ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത യുദ്ധഭീഷണി മുഴക്കുന്നത് അപകടകരമെന്ന് ഹില്ലാരി ക്ലിന്റണ്‍; പ്രശ്‌നത്തില്‍ ഭാഗഭാക്കായി എല്ലാ കക്ഷികളെയും വിളിച്ചിരുത്തിയുള്ള ചര്‍ച്ചക്ക് ട്രംപ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശം

യുഎസ് ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത യുദ്ധഭീഷണി മുഴക്കുന്നത് അപകടകരമെന്ന് ഹില്ലാരി ക്ലിന്റണ്‍; പ്രശ്‌നത്തില്‍ ഭാഗഭാക്കായി എല്ലാ കക്ഷികളെയും വിളിച്ചിരുത്തിയുള്ള ചര്‍ച്ചക്ക് ട്രംപ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശം
ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത യുദ്ധഭീഷണി മുഴക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം വന്‍ അപകടം വരുത്തി വയ്ക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയുമായിരുന്നു ഹില്ലാരി ക്ലിന്റന്‍ രംഗത്തെത്തി.കൊറിയന്‍ പെനിന്‍സുലയില്‍ കടുത്ത യുദ്ധ ഭീഷണിയുമായി മുന്നോട്ട് പോകുന്ന യുഎസിന്റെ നയം വന്‍ അപകടമാണ് വരുത്തി വയ്ക്കുയെന്നാണ് അവര്‍ പറയുന്നത്.

ഇതിനാല്‍ യുദ്ധം പരമാവധി ഒഴിവാക്കുന്നതിനായി ഈ പ്രശ്‌നത്തില്‍ ഭാഗഭാക്കായ എല്ലാ കക്ഷികളെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പ്രശ്‌നം പരിഹരിക്കണമെന്നും ഹില്ലാരി നിര്‍ദേശിക്കുന്നു. ഈ വിഷയം പരിഹരിക്കുന്നതിനായി ചൈന കൂടുതല്‍ സക്രിയമായ പങ്ക് വഹിച്ചേ മതിയാവൂ എന്നും ഹില്ലാരി അഭിപ്രായപ്പെടുന്നു. അതായത് ഉത്തരകൊറിയയ്ക്ക് മേല്‍ ചൈന ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി അവരെ മിസൈല്‍- ആണവപരീക്ഷണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്‌നി കൂടിയായ ഹില്ലാരി ആവശ്യപ്പെടുന്നു.

ഇവിടെ കടുത്ത പ്രകോപനം ഉയര്‍ത്തി യുദ്ധം ഉണ്ടാക്കേണ്ടുന്ന യാതൊരു ആവശ്യവും അമേരിക്കയ്ക്കില്ലെന്നും അതിനൊരിക്കലും മുന്നിട്ടിറങ്ങരുതെന്നും ഹില്ലാരി ഉപദോശിക്കുന്നു. അത് അമേരിക്കയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നും അവര്‍ ആശങ്കപ്പെടുന്നു. സൗത്ത് കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹില്ലാരി. നല്ല നയതന്ത്രത്തിലൂടെ ഉത്തരകൊറിയയെ ചര്‍ച്ചക്ക് നിര്‍ബന്ധിക്കുകയാണ് ഇവിടുത്തെ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഏറ്റവും മികച്ച പോംവഴിയെന്നും ഹില്ലാരി പറയുന്നു.

ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് യുഎസും ഈ രാജ്യവും തമ്മിലുള്ള സ്പര്‍ധ വര്‍ധിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്നും ട്രംപും തമ്മിലുള്ള വാക്‌പോരും വെല്ലുവിളികളും മുമ്പില്ലാത്ത വിധം ശക്തമാവുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends