മേരിലാന്‍ഡിലെ ഓഫീസ് പാര്‍ക്കില്‍ തോക്ക്ധാരി മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്ക്; കുരുതി നടത്തിയത് ഹോം ഇംപ്രൂവ്‌മെന്റ് കമ്പനിയിലെ മെഷീന്‍ ഓപ്പറേറ്ററായ യുവാവ്; കൃത്യത്തിന് ശേഷം കടന്ന് കളഞ്ഞ യുവാവിനെ തേടി പോലീസ്

മേരിലാന്‍ഡിലെ ഓഫീസ് പാര്‍ക്കില്‍ തോക്ക്ധാരി മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്ക്; കുരുതി നടത്തിയത് ഹോം ഇംപ്രൂവ്‌മെന്റ് കമ്പനിയിലെ മെഷീന്‍ ഓപ്പറേറ്ററായ യുവാവ്; കൃത്യത്തിന് ശേഷം കടന്ന് കളഞ്ഞ യുവാവിനെ തേടി പോലീസ്
ഇന്നലെ മേരിലാന്‍ഡിലെ ഓഫീസ് പാര്‍ക്കില്‍ തോക്ക് ധാരി നടത്തിയ വെടിവയ്പില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതിന് പുറമെ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 37 കാരനായ റാഡീ ലബീബ് പ്രിന്‍സാണ് വെടിവച്ചിരിക്കുന്നതെന്ന് ഹാര്‍ഫോര്‍ഡ് കൗണ്ടി ഷെറീഫായ ജെഫ്രി ഗാഹ്ലെര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ഹാന്‍ഡ് ഗണ്‍ എടുത്തായിരുന്നു പ്രിന്‍സ് വെടിവച്ചിരുന്നതെന്നാണ് ഷെറീഫ് വെളിപ്പെടുത്തുന്നത്.

തുടര്‍ന്ന് ഇയാള്‍ എഡ്ജ് വുഡിലെ എമ്മോര്‍ടന്‍ ബിസിനസ് പാര്‍ക്കിലേക്ക് കടന്ന് കളയുകയുമായിരുന്നു. ഇയാളെ പിടികൂടാനായി പോലീസ് ഊര്‍ജിതമായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. ഇയാളുടെ കൈവശം നിറതോക്കുള്ളതിനാല്‍ ഇയാള്‍ കടുത്ത അപകടകാരിയാണെന്നാണ് പോലീസ് മുന്നറിയിപ്പേകുന്നത്. വെടിവയ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വെടിവച്ചയാളും വെടിവയ്പിന് ഇരകളായവരും തന്റെ ഹോം ഇംപ്രൂവ്‌മെന്റ് കമ്പനിയായ അഡ്വാന്‍സ്ഡ് ഗ്രാനൈറ്റ് സൊല്യൂഷന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഉടമ ബരാക് കാബ സ്ഥിരീകരിച്ചിട്ടുണ്ട്.

വെടിവച്ചുവെന്ന് സംശയിക്കുന്ന യുവാവ് തന്റെ കമ്പനിയില്‍ കഴിഞ്ഞ നാല് മാസങ്ങളായിട്ടേ ജോലി ചെയ്ത് വരുന്നുള്ളുവെന്നും കാബ പറയുന്നു. ഇയാള്‍ ഇവിടെ മെഷീന്‍ ഓപ്പറേറ്ററായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നുള്ള ഞെട്ടലില്‍ നിന്നും ഇനിയും മുക്തനാവാത്ത കാബ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. വെടിവയ്പില്‍ മുറിവേറ്റവരുടെ നില ഗുരുതരമാണെന്നാണ് ബാള്‍ട്ടിമോറിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിന്റെ ആര്‍ ആദംസ് കൗലെ ഷോക്ക് ട്രോമ സെന്ററിന്റെ വക്താവ് വെളിപ്പെടുത്തുന്നു. പ്രിന്‍സിനെ കണ്ടെത്തുന്നതിനായി പ്രാദേശിക പോലീസിനെ സഹായിക്കാന്‍ എഫ്ബിഐയും രംഗത്തെത്തിയിട്ടുണ്ട്.


Other News in this category



4malayalees Recommends