ഷാര്‍ജ പുസ്തകോത്സവത്തിനെത്തിയത് 23.8 ലക്ഷം സന്ദര്‍ശകര്‍

ഷാര്‍ജ പുസ്തകോത്സവത്തിനെത്തിയത് 23.8 ലക്ഷം സന്ദര്‍ശകര്‍
ഷാര്‍ജ: ശനിയാഴ്ച സമാപിച്ച മുപ്പത്തിയാറാമത് അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചത് 23.8 ലക്ഷം പേര്‍. കഴിഞ്ഞ വര്‍ഷം 23.1 ലക്ഷം പേരായിരുന്നു എത്തിയത്.

സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധന പുസ്തകങ്ങളുടെ വില്‍പ്പനയിലും പ്രതിഫലിച്ചു. 206 ദശലക്ഷം ദിര്‍ഹത്തിന്റെ പുസ്തക വില്‍പ്പനയാണ് പതിനൊന്നുദിവസത്തെ മേളയില്‍ നടന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം കൂടുതലാണ് ഈ തുക. മേളയുടെ 35 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോഡാണ് ഈ കണക്കുകള്‍.

പുസ്തകോത്സവം വേറെയും ചില വിശേഷം പങ്കുവെക്കുന്നുണ്ട്. യു.എ.ഇ. കാബിനറ്റ് യോഗത്തിനും ഈ മേള വേദിയായി എന്നതാണ് ആ കൗതുകം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ഷാര്‍ജ പുസ്തകമേള എന്നത് കേവലം ഒരു പുസ്തകോത്സവം മാത്രമല്ലെന്നും വിവിധ ജനവിഭാഗങ്ങളെ കൂട്ടിയിണക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞുവെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് അല്‍ അമേറി പറഞ്ഞു. 60 രാജ്യങ്ങളില്‍നിന്നുള്ള 1690 പ്രസാധകരാണ് ഇത്തവണത്തെ മേളയില്‍ അണിനിരന്നത്. 15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് അവര്‍ അണിനിരത്തിയത്. 39 രാജ്യങ്ങളില്‍ നിന്നുള്ള 158 അതിഥികള്‍ മുന്നൂറിലേറെ സാംസ്‌കാരികപരിപാടികള്‍ക്കായി എത്തി. അനുബന്ധ പരിപാടികള്‍ക്കായും നൂറുകണക്കിന് അതിഥികളെത്തി.
Other News in this category4malayalees Recommends