ദിലീപിനെതിരായ വിചാരണ വേളയില്‍ നശിപ്പിക്കപ്പെട്ട തെളിവുകള്‍ നിര്‍ണ്ണായകമാകും ; കേസില്‍ പോലീസിന് വെല്ലുവിളി തീര്‍ക്കുന്നതും ഇത്

ദിലീപിനെതിരായ വിചാരണ വേളയില്‍ നശിപ്പിക്കപ്പെട്ട തെളിവുകള്‍ നിര്‍ണ്ണായകമാകും ; കേസില്‍ പോലീസിന് വെല്ലുവിളി തീര്‍ക്കുന്നതും ഇത്
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കാതെ പോയത് വിചാരണവേളയില്‍ പ്രോസിക്യൂഷന് വെല്ലുവിളിയാകുമെന്ന് വിലയിരുത്തല്‍.

നശിപ്പിക്കപ്പെട്ട തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുമാണ്. ഈ മൊബൈല്‍ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് പള്‍സര്‍ സുനി കൈമാറിയിരുന്നു. കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസം രാവിലെയാണ് ഇത് കൈമാറിയത്. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോ ജൂനിയറായ രാജു ജോസഫിനെ ഏല്‍പിച്ചു. നാലര മാസത്തോളം കൈവശം വച്ചശേഷം രാജു ഇവ നശിപ്പിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. മെമ്മറി കാര്‍ഡില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ചെങ്കിലും യഥാര്‍ഥ മെമ്മറി കാര്‍ഡും ഫോണും കണ്ടെടുക്കാനാകാത്തതു കേസിനെ ബാധിച്ചേക്കും.

രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണിലെ സിംകാര്‍ഡും നശിപ്പിക്കപ്പെട്ടു. നടിയെ ഉപദ്രവിച്ചവര്‍ തന്റെ സിം കാര്‍ഡ് ഊരിയെടുത്തെന്നായിരുന്നു രണ്ടാം പ്രതിയും നടിയുടെ കാറിന്റെ ഡ്രൈവറുമായ മാര്‍ട്ടിന്‍ പറഞ്ഞത് .എന്നാല്‍, കുറ്റകൃത്യത്തില്‍ തന്റെ പങ്ക് പുറത്താകുമെന്ന ഘട്ടത്തില്‍ സിം കാര്‍ഡ് മാര്‍ട്ടിന്‍ നശിപ്പിച്ചുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. തൃശൂരില്‍നിന്നു നടിയുമായി കൊച്ചിയിലേക്കുള്ള യാത്രയില്‍ മാര്‍ട്ടിനെ സുനില്‍ വിളിച്ചതും സന്ദേശങ്ങളയച്ചതും ഈ സിം കാര്‍ഡിലേക്കായിരുന്നു.പടമുഗളിലെ ലാല്‍ ക്രിയേഷന്‍സിന്റെ ഡ്രൈവേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ശുചിമുറിയില്‍ സിം കാര്‍ഡ് ക്ലോസറ്റില്‍ ഇട്ട് നശിപ്പിക്കുകയായിരുന്നു.

മാപ്പുസാക്ഷിയായ പൊലീസുകാരന്‍ പി.കെ.അനീഷിന്റെ ഫോണിലെ ശബ്ദരേഖ നശിപ്പിക്കപ്പെട്ട പ്രധാന തെളിവുകളില്‍ ഒന്നാണ്. ഒന്നാം പ്രതി ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ സുരക്ഷാച്ചുമതല അനീഷിനുണ്ടായിരുന്നു. മാര്‍ച്ച് മൂന്നിന് ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്യാനായി തന്റെ ഫോണ്‍ അനീഷ് സുനില്‍കുമാറിനു നല്‍കി. ഈ ഫോണില്‍ എട്ടാംപ്രതി ദിലീപിനുള്ള ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത സുനില്‍കുമാര്‍ ഇത് അനീഷിനെ കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. സുനില്‍കുമാറിനു വേണ്ടി ഈ ശബ്ദരേഖ ദിലീപിന് എത്തിച്ചുകൊടുക്കാന്‍ ശ്രമം നടത്തി. ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് പൊലീസുകാരനായ അനീഷ് തന്നെ നശിപ്പിച്ചുകളഞ്ഞെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചനയില്‍ സുനില്‍കുമാറിനെയും ദിലീപിനെയും ബന്ധപ്പെടുത്തുന്ന വിലപ്പെട്ട തെളിവാണ് ഇതോടെ ഇല്ലാതായത് .

Other News in this category4malayalees Recommends