ഒമാനില്‍ റേസിങ് താരമായി ആറ് വയസ്സുകാരന്‍, കോഴിക്കോട്ടുകാരനായ അച്ഛനാണ് മകനില്‍ കാര്‍ കമ്പം നിറച്ചത്,

ഒമാനില്‍ റേസിങ് താരമായി ആറ് വയസ്സുകാരന്‍, കോഴിക്കോട്ടുകാരനായ അച്ഛനാണ് മകനില്‍ കാര്‍ കമ്പം നിറച്ചത്,
മസ്‌കറ്റ്: ഒന്നാം ക്ലാസുകാരന്‍ ഷോണാല്‍ കുനിമ്മലിന് കാറുകളോടാണ് പ്രിയം. കളിക്കാനുള്ള കുട്ടിക്കാറുകളല്ല, റേസിങ് ട്രാക്കിലെ കാര്‍ട്ടുകളാണ് ഷോണാലിന്റെ കളിക്കോപ്പുകള്‍.

ആറ് വയസ്സേയുള്ളു ഷോണാലിന്, പക്ഷേ ആളൊരു റേസിങ് താരമായിക്കഴിഞ്ഞു. യുഎഇ റോട്ടക്‌സ് മാക്‌സ് ചലഞ്ച് 201718 ലെ ഗോകാര്‍ട്ടിങ്ങ് മത്സരങ്ങളില്‍ മൂന്നാം റൗണ്ടില്‍ ബാംബിനോ വിഭാഗത്തില്‍ ഒന്നാമതെത്തിയാണ് ഷോണാല്‍ റേസിങ് കുട്ടിക്കളിയല്ലെന്ന് തെളിയിച്ചത്. മസ്‌കറ്റിലെ അല്‍ കുബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഷോണാല്‍ കുനിമ്മല്‍.

അച്ഛന്റെ മടിയിലിരുന്ന് രണ്ടാം വയസ്സില്‍ വളയം പിടിക്കാന്‍ തുടങ്ങിയതാണ് ഷോണാല്‍. കോഴിക്കോട് സ്വദേശിയായ അച്ഛന്‍ ഷോജയ് കുനിമ്മലിനും, പലസ്തീന്‍ സ്വദേശിയായ അമ്മ ഡോ. നബ്‌റീസിനും റേസിങ് ഇഷ്ടമാണ്. ഖത്തറില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പ് മസ്‌കറ്റിലെത്തിയ കുടുംബം മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന റേസിങ് മത്സരങ്ങളെല്ലാം കാണാന്‍ പോകും. ഒരിക്കല്‍ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനില്‍ റേസിങ് കാണാന്‍ പോയപ്പോള്‍ കാര്‍ട്ട് ഓടിച്ചു നോക്കണമെന്നായി ഷോണാലിന്റെ ആവശ്യം. കുട്ടിയുടെ താത്പര്യം കണ്ട് കൗതുകം തോന്നിയ അധികൃതര്‍ ആദ്യം ഉള്ളിലും പിന്നീട് ട്രാക്കിലും ഓടിക്കാന്‍ അനുവദിച്ചു. പരിശീലനം നേടിയവരെപ്പോലെ കൈയ്യൊതുക്കത്തോടെയും വേഗത്തോടെയും കാര്‍ട്ട് ഓടിച്ചാണ് വെറുമൊരു ഭ്രമം മാത്രമല്ല തന്റേതെന്ന് ഷോണാല്‍ തെളിയിച്ചത്.

വേഗത്തോടും, കാറുകളോടുമുള്ള കൊച്ചു മിടുക്കന്റെ ആഭിമുഖ്യം തിരിച്ചറിഞ്ഞ്, പരിശീലനം നല്‍കാന്‍ അച്ഛന്‍ തയ്യാറായി. സ്വന്തമായി ഒരു കാര്‍ട്ട് വാങ്ങി, അതിലായി അച്ഛന്റെയും മകന്റെയും പരിശീലനം. ഇതോടെ ഒമാനില്‍ നടക്കുന്ന ഗോ കാര്‍ട്ടിങ് ദേശീയ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഷോണാല്‍ സമ്മാനം നേടാന്‍ തുടങ്ങി. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ വിദഗ്ധ പരിശീലനം ആവശ്യമായതിനാലാണ് ഒമാനി പരിശീലകന്‍ സനന്ദ് അല്‍റവാഹിയുടെ കീഴില്‍ ഷോണാല്‍ പരിശീലനം തുടങ്ങിയത്. സ്‌കൂളില്‍ നിന്നെത്തിയ ശേഷവും അവധി ദിനങ്ങളിലുമാണ് പരിശീലനം. ചുരുങ്ങിയത് മൂന്നു നാല് മണിക്കൂര്‍. കൂടെയുള്ള കുട്ടികള്‍ കളിച്ചു നടക്കുമ്പോളും ട്രാക്കില്‍ സമയം ചെലവിടാനാണ് ഷോണാലിനു ഇഷ്ടം

ദുബായിലും , റാസല്‍ഖൈമയിലും നടന്ന എക്‌സ്30 ചലഞ്ചിലും ഷോണാല്‍ മികവ് പുലര്‍ത്തി ബംബിനോ റണ്ണറപ്പായി. ഓരോ റൗണ്ടിലും പന്ത്രണ്ടിലധികം കുട്ടികളുണ്ടാകും. പ്രായംകൊണ്ടും പരിശീലനം കൊണ്ടും മുതിര്‍ന്നവര്‍. അവരെ മറികടന്നാണ് ചെറിയ കാലത്തേ പരിശീലനത്തിലൂടെ ഷോണാല്‍ വിജയം കൊയ്യുന്നത്. ഡിസംബറിലും, ഫെബ്രുവരിയിലും അബുദാബിയിലും, അലൈനിലുമായി നടക്കുന്ന യു.എ.ഇ. റോട്ടക്‌സ് മാക്‌സ് ചലഞ്ചിനായുള്ള പരിശീലനത്തിലാണ് ഷോണാലിപ്പോള്‍. സ്‌കൂളധികൃതരുടെയും അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവും ഷോണാലിനുണ്ട്. ട്രാക്ക് ബുക്ക് ചെയ്യുന്നതിനും, പരിശീലനത്തും ഒക്കെയായി നല്ലൊരു തുക ചെലവാകും. പണച്ചെലവുണ്ടെങ്കിലും മൈക്കിള്‍ ഷൂമാര്‍ക്കേറെപ്പോലെ ആകണം എന്ന ലക്ഷ്യം ഉള്ളില്‍കൊണ്ടു നടക്കുന്ന, അതിനു വേണ്ടി മടി കൂടാതെ പരിശ്രമിക്കുന്ന ഷോണാലിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് അച്ഛനും അമ്മയും.
Other News in this category4malayalees Recommends