കേരള തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യത
മസ്കറ്റ് : കേരളത്തിലും തമിഴ്നാട്ടിലും നാശം വിതച്ചു തിമിര്‍ത്താടുന്ന ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ നിന്നും ഗള്‍ഫ് രാജ്യമായ ഒമാനിലേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണവകുപ്പും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും മുന്നറിയിപ്പ് നല്കി.
ഈ മുന്നറിയിപ്പിന് സ്ഥിരീകരണവുമായി ഇന്നലെയുണ്ടായ പേമാരിയും അതിശക്തമായ കാറ്റും കടല്‍ക്ഷോഭവും ഇന്നും തുടരുമെന്നും പൊടുന്നനെയുണ്ടായ ഈ മാറ്റങ്ങള്‍ ഓഖിയുടെ ഭാഗമാണെന്ന് ഉപഗ്രഹചിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നുവെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ഉത്ഭവിച്ച ഓഖി കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ ലക്ഷദ്വീപ് തീരം വിട്ട് ഒമാനിലേയ്ക്ക് നീങ്ങുമെന്നാണ് സൂചന. ഓഖി ഒമാനിലെത്തിയാല്‍ സമീപത്തെ യുഎഇ എമിറേറ്റുകളായ റാസല്‍ഖൈമ, അജ്മാന് എന്നിവിടങ്ങളിലേയ്ക്കും കടക്കുമെന്ന് ആശങ്കയുണ്ട്.
ലക്ഷദ്വീപില്‍ നിന്നും അറബിക്കടലിന്റെ മധ്യഭാഗത്തേയ്ക്ക് ഓഖി നീങ്ങിയേക്കാമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരും പ്രവചിച്ചിരുന്നു. ഉപഗ്രഹചിത്രങ്ങളും ഭൂകമ്പ, സമുദ്രനിരീക്ഷണ മാപിനികളും നല്കുന്ന സൂചനപ്രകാരം ഓഖി 24 മണിക്കൂറിനുള്ളില്‍ ഒമാന്‍ ഭാഗത്തെ അറബിക്കടലില്‍ പ്രവേശിച്ചേക്കാം. തലസ്ഥാനമായ മസ്കറ്റ്, ദക്ഷിണബത്തിന, മുസാന്‍ഡം പ്രവിശ്യകളെയാണ് ഓഖിയുടെ ആക്രമണ പരിധിയില്‍ ഒമാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ അറബിക്കടല്‍ അത്യന്തം പ്രക്ഷുബ്ധമാണെന്ന് 'ടൈംസ് ഓഫ് ഒമാന്‍' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ കടലില്‍ പലയിടത്തും രാക്ഷസ തിരമാലകള്‍ ഉയരുന്നതും ഭീതി പരത്തുന്നു.
ഡിസംബര്‍ അഞ്ചോടുകൂടി ഓഖിയുടെ ശക്തി ദുര്‍ബലമാകുമെന്നും പ്രവചനമുണ്ട്. അതിനുമുമ്പ് ലക്ഷദ്വീപില്‍ നിന്ന് ഓഖി ഒമാനിലേയ്ക്ക് കടന്നാല്‍ ആപല്‍സാധ്യത ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അല്‍ബുറൈമി, അല്ദഹിറ, ദക്ഷിണ അല്‍ ഷാര്ക്വിയ, അല്‍വുസ്ത, ഉത്തര ഒമാനിലെ ദോഫാര്‍ എന്നിവിടങ്ങളും അപകടമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ഇടയ്ക്കിടെ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് ഇരയാകുന്ന ഒമാനിലും യെമനിലും ചപ്പാല ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പുണ്ടായ അഷോബാ ചുഴലിക്കാറ്റില്‍ ഒമാനില്‍ വന്‍ പ്രളയമുണ്ടായി.