ലണ്ടന്റെ സ്‌നേഹദൂതുമായി മേയര്‍ സാദിഖ് ഖാന്‍ ഇന്ത്യയില്‍; ബ്രെകിസ്റ്റിന് ശേഷവും ലണ്ടന്‍ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറക്കുമെന്ന് ഖാന്‍; ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരാഗത വൈരത്തിന്റെ മഞ്ഞുരുക്കുമെന്ന് പാക്ക് വംശജന്‍

ലണ്ടന്റെ സ്‌നേഹദൂതുമായി മേയര്‍ സാദിഖ് ഖാന്‍ ഇന്ത്യയില്‍;  ബ്രെകിസ്റ്റിന് ശേഷവും ലണ്ടന്‍ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറക്കുമെന്ന് ഖാന്‍; ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരാഗത വൈരത്തിന്റെ മഞ്ഞുരുക്കുമെന്ന് പാക്ക് വംശജന്‍
ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ വിശിഷ്യാ ലണ്ടന്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുമെന്ന ഭയം വേണ്ടെന്നും തുടര്‍ന്നും കഴിവുള്ളവരെ ലണ്ടന്‍ ഇരു കൈയും നീട്ട് സ്വീകരിക്കുമെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വാഗ്ദാനം ചെയ്യുന്നു. തന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖാന്‍. ഇതിന് പുറമെ ഇന്ത്യയും പാക്കിസ്ഥാനം തമ്മിലുള്ള പരമ്പരാഗത വൈരത്തിന്റെ മഞ്ഞുരുക്കാന്‍ തന്നാലാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്നും പാക്കിസ്ഥാന്‍ വംശജനായ ഖാന്‍ ഉറപ്പേകുന്നു. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ലണ്ടന്‍ മേയര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്.

യുകെയുമായി പ്രത്യേകിച്ച് ലണ്ടനുമായി ഇന്ത്യയ്ക്കുള്ള വ്യാപാര ബന്ധങ്ങളും നയതന്ത്ര ബന്ധങ്ങളും പുഷ്ടിപ്പെടുത്തുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് ഖാന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുംബൈയ്ക്ക് പുറമെ ന്യൂദല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ച ശേഷം ഖാന്‍ തന്റെ മാതൃരാജ്യമായ പാക്കിസ്ഥാനിലേക്കും പോകും. അവിടെ ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ലണ്ടന്‍ മേയര്‍ നിര്‍ണായകമായ പര്യടനങ്ങള്‍ നടത്തുന്നതാണ്..മുംബൈയിലെത്തിയ ഖാന്‍ ബോളിവുഡ് താരങ്ങളുമായി ഫുട്ബോള്‍ തട്ടുകയും അവര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു.

ക്യൂപിആര്‍ സൗത്ത് മുംബൈ ജൂനിയര്‍ സോക്കല്‍ ചലഞ്ച് ഖാന്‍ മുംബൈയില്‍ പങ്കെടുത്ത പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടികളിലൊന്നാണ്.ഇതിന്റെ ഭാഗമായി ഖാന്‍ ക്യൂന്‍സ് പാര്‍ക്ക്സ് റേഞ്ചേസ് ഉടമ ടോണി ഫെര്‍ണാണ്ടസ്, ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് പുറമെ ലണ്ടനും ഇന്ത്യയിലെ മെട്രൊനഗരങ്ങളും അടുത്ത ബന്ധമുണ്ടെന്നും ഖാന്‍ അഭിപ്രായപ്പെട്ടു. ലണ്ടനില്‍ ബോളിവുഡ്, ബിരിയാണി, ക്രിക്കറ്റ് അല്ലെങ്കില്‍ കബഡി തുടങ്ങിയവയെ നെഞ്ചോട് ചേര്‍ക്കുന്നവരേറെയുണ്ടെന്നും ഖാന്‍ വെളിപ്പെടുത്തുന്നു.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഗുഡ് ബൈ പറഞ്ഞാല്‍ പിന്നീട് യുകെയുമായി ബന്ധം സ്ഥാപിക്കല്‍ ദുസ്സഹമായിരിക്കുമെന്ന് വ്യാകുലപ്പെടുന്ന നിരവധി പേര്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുണ്ടെന്നും അത് വെറും തെറ്റിദ്ധാരണയാണെന്നും ഖാന്‍ ഉറപ്പേകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ബ്രെക്സിറ്റ് നടന്നാലും ബിട്ടന്‍ പ്രത്യേകിച്ച് ലണ്ടന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി സാമ്പത്തികവും സാംസ്‌കാരികവും വ്യാപാരപരവുമായ മികച്ച ബന്ധങ്ങള്‍പുഷ്ടിപ്പെടുത്തുമെന്നും ഖാന്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന നിക്ഷേപകരെയും ലണ്ടന്‍ ഇരു കൈയും നീട്ടി സ്വീകരിക്കും. അതിന് പുറമെ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം പരമാവധി പുഷ്ടപ്പെടുത്തുകയുംചെയ്യും.


Other News in this category4malayalees Recommends