ഗള്‍ഫ് സഖ്യം നെടുകേ പിളരുന്നു, സാമ്പത്തിക മേഖലയിലും വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം

ഗള്‍ഫ് സഖ്യം നെടുകേ പിളരുന്നു, സാമ്പത്തിക മേഖലയിലും വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം
ദുബായ്: ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കരുത്തുതെളിയിച്ച ആറു ഗള്‍ഫ് രാഷ്ട്രങ്ങളുടെ സഖ്യം നെടുകേ പിളരുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ആറുരാജ്യങ്ങളടങ്ങുന്ന സഹകരണ കൗണ്‍സില്‍ രൂപീകരിച്ചതിന്റെ മുപ്പത്താറാം വര്‍ഷം നടക്കുന്ന ഈ ശൈഥില്യം സാമ്പത്തിക മേഖലയിലും വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഇത് ഈ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പ്രവാസികളെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയും പടരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ആറിന് ഭീകരബന്ധം ആരോപിച്ച് ഖത്തറിനെതിരെ കൗണ്‍സിലിലെ അംഗരാഷ്ട്രങ്ങളായ സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും ഉപരോധം പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണു തുടങ്ങിയത്. കുവൈറ്റും ഒമാനും ഈ ഉപരോധത്തില്‍ പങ്കാളികളാകാതെ വിട്ടുനിന്നതോടെ സഖ്യം 33 എന്ന അംഗസമനിലയില്‍ രണ്ടു ചേരികളായി.

പക്ഷേ, കുവൈറ്റ് അനുരഞ്ജനത്തിന് കിണഞ്ഞു ശ്രമിക്കുകയും സഖ്യം പുനരുജ്ജീവിപ്പിക്കാന്‍ നിരവധി നയതന്ത്രനീക്കങ്ങള്‍ നടത്തുകയും ചെയ്തുവെങ്കിലും എല്ലാം വിഫലമായി. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കുവൈറ്റില്‍ ചേര്‍ന്ന ഉച്ചകോടിയും തകര്‍ന്നു. രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കേണ്ട ഗള്‍ഫ് ഉച്ചകോടിയിലേക്ക് സൗദി അറേബ്യയും യുഎഇയും ജൂനിയര്‍ പ്രതിനിധികളെ അയച്ചതോടെ പ്രാധാന്യം നഷ്ടപ്പെട്ട ദ്വിദിന ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കി വഴിപാടാക്കിയത് ഉച്ചകോടിയുടെ തലേന്ന് സൗദി അറേബ്യയും യുഎഇയും ചേര്‍ന്നുണ്ടാക്കിയ പ്രകോപനം മൂലമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സൗദി അറേബ്യയും യുഎഇയും ചേര്‍ന്ന് സഖ്യത്തിനുള്ളില്‍ പുതിയൊരു സഖ്യമുണ്ടാക്കിയെന്ന പ്രഖ്യാപനം വന്നത് ഉച്ചകോടിത്തലേന്ന് ചൊവ്വാഴ്ചയായിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലിഫ ബിന്‍സയേദ് അല്‍സഹ്യാന്റെ അനുമതിയോടെ രൂപീകരിച്ച സൗദിയുഎഇ കൂറുമുന്നണി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സഖ്യത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയായെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സാബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍സാ അഭിപ്രായപ്പെട്ടിരുന്നു. പുതിയ സൗദി-യുഎഇ സഖ്യത്തെ പേരെടുത്തു പരാമര്‍ശിക്കാതെ ഗള്‍ഫ് സഖ്യത്തില്‍ വിള്ളലുണ്ടാകുന്നത് വേദനാജനകമാണെന്നും പറഞ്ഞു.

ഖത്തര്‍ ഉച്ചകോടിയില്‍ പങ്കെടുത്തില്ലെങ്കിലും മറ്റൊരു അംഗരാഷ്ട്രമായ ഒമാന്‍ കുവൈറ്റിന്റെ നിലപാടിനെ പിന്താങ്ങിയതും പിളര്‍പ്പിന്റെ ആഴം കൂട്ടുന്ന നടപടിയായി.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പലതവണ മാറ്റിവച്ച ഉച്ചകോടി വഴിപാടായി മാറിയത് സൗദി-യുഎഇ നിലപാടുമൂലമാണെന്ന ആരോപണം ഖത്തറും ഉയര്‍ത്തിയിട്ടുണ്ട്. ബഹ്‌റൈന്‍ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും സൗദി-യുഎഇ സഖ്യത്തില്‍ത്തന്നെ തുടരുമെന്നാണ് സൂചന. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ 'വഅദ്' എന്ന നാഷണല്‍ ഡമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയേയും പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ വഖേഫിനെയും ബഹ്‌റൈന്‍ രാജഭരണകൂടം നിരോധിക്കുകയും അവരുടെ സ്വത്തുക്കള്‍ പിടിച്ചടക്കുകയും നേതാക്കളടക്കം ആയിരങ്ങളെ ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരായ ജനകീയ രോഷം ഇടയ്ക്കിടെ കലാപങ്ങളായി പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ പുതിയ സൗദി-യുഎഇ സാമ്പത്തിക സൈനിക സഖ്യത്തിന്റെ പിന്തുണയും ജനരോഷം അടിച്ചമര്‍ത്താന്‍ ബഹ്‌റൈന് അനിവാര്യമാണ്.

വീണ്ടും ഒരു ഉച്ചകോടി സൗദിയില്‍ നടത്താന്‍ ഒമാന്‍ മുന്‍കയ്യെടുത്തിട്ടുണ്ടെങ്കിലും ശിഥിലമായ സാഹചര്യത്തില്‍ അതിന്റെ പുനരുജ്ജീവിനം അസാധ്യമാണെന്നാണ് ഗള്‍ഫ് നയതന്ത്ര വിദഗ്ധരുടെ വിശകലനം.
Other News in this category4malayalees Recommends