ട്രംപിന്റെ മിഡിലീസ്റ്റ് നയങ്ങള്‍ക്കു പിന്നില്‍ കുഷ്‌നര്‍മുഹമ്മദ് ബിന്‍ സല്‍മാന്‍ സഖ്യം

ട്രംപിന്റെ മിഡിലീസ്റ്റ് നയങ്ങള്‍ക്കു പിന്നില്‍ കുഷ്‌നര്‍മുഹമ്മദ് ബിന്‍ സല്‍മാന്‍ സഖ്യം
വെസ്റ്റ്ബാങ്ക്: അമേരിക്കയുമായും ഇസ്രായേലുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി പലസ്തീന്റെ അവകാശങ്ങള്‍ അടിയറ വയ്ക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് പലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖങ്ങളിലാണ് മുതിര്‍ന്ന പലസ്തീന്‍ നേതാക്കള്‍ സൗദിഇസ്രായേല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരേ രംഗത്തുവന്നിരിക്കുന്നത്.

ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ഉപദേശകനും മകളുടെ ഭര്‍ത്താവുമായ ജാരെദ് കുഷ്‌നെറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള അടുത്ത ബന്ധത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണെന്നാണ് ഫലസ്തീന്‍ നേതാക്കളുടെ ആരോപണം.

പലസ്തീന്‍ സമാധാനശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കഴിഞ്ഞ മാസം ചര്‍ച്ച ചെയ്തിരുന്നതായി പേര് വെളിപ്പെടുത്താത്ത ഫലസ്തീന്‍ നേതാക്കള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തികച്ചും പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കുന്നതും ഇസ്രായേലിന് അനുകൂലവുമായിരുന്നു കിരീടാവകാശി മുന്നോട്ടുവച്ച പാക്കേജിന്റെ ഉള്ളടക്കം.

സൗദി കിരീടാവകാശി പലസ്തീന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത സമാധാന പദ്ധതി പ്രകാരം പുണ്യനഗരമായ ജെറൂസലേമിന്റെ അവകാശം പൂര്‍ണമായും ഇസ്രായേലിനാണ്. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുകയെന്ന ഫലസ്തീനികളുടെ ചിരകാല അഭിലാഷത്തെ അട്ടമറിക്കുന്ന ഈ ആവശ്യം കുഷ്‌നറും സൗദി കിരീടാവകാശിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പലസ്തീന്‍ നേതാക്കളുടെ ആരോപണം.

ജെറൂസലേം പൂര്‍ണമായി ഇസ്രായേലിന് വിട്ടുനല്‍കുമ്പോള്‍ ഇസ്രായേല്‍ അധിനിവേശ കാലത്ത് കിഴക്കന്‍ ജെറൂസലേമില്‍ നിന്ന് പുറത്താക്കപ്പെട്ട് വിവിധ രാജ്യങ്ങളിലായി കഴിയുന്ന പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നാട്ടിലേക്ക് തിരികെ വരാനുള്ള അവകാശം നിഷേധിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു. പകരം നിലവില്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ ജീവിക്കുന്ന രാജ്യങ്ങള്‍ അവര്‍ക്ക് പൗരത്വം നല്‍കണമെന്നും സൗദി കിരീടാവകാശി മുന്നോട്ടുവച്ച പദ്ധതി ആവശ്യപ്പെടുന്നു.

ഗസയും വെസ്റ്റ്ബാങ്കിന്റെ ചില പ്രദേശങ്ങളും ചേര്‍ത്ത് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ലക്ഷ്യമിടുന്നതെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി പലസ്തീന്‍ നേതാക്കള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സൗദി മുന്നോട്ടുവച്ച പദ്ധതിയും ഇതുതന്നെയായിരുന്നു. ഇതുപ്രകാരം വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ അതേരീതിയില്‍ തടരും. അതിര്‍ത്തികളുടെ നിയന്ത്രണവും ഇസ്രായേല്‍ സൈന്യത്തില്‍ നിക്ഷിപ്തമായിരിക്കും.

മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍ സ്വാധീനത്തെ ചെറുക്കാന്‍ സൗദി ഭരണകൂടം ഇസ്രായേലിനൊപ്പം ചേരുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ ശക്തിപ്പെടുത്തുന്നതാണ് പലസ്തീന്‍ നേതാക്കളുടെ റോയിട്ടേഴ്‌സിനോടുള്ള വെളിപ്പെടുത്തല്‍. ഇതിന് പലസ്തീന്‍ ജനതയുടെ അവകാശങ്ങളെയാണ് സൗദി ബലികൊടുക്കുന്നതെന്നും പലസ്തീന്‍ നേതാക്കള്‍ വിലയിരുത്തുന്നു. ഇസ്രായേലുമായുള്ള സൗദിയുടെ ബന്ധം സാധാരണ നിലയിലാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യമന്ത്രി കിരീടാവകാശിക്കെഴുതിയ കത്ത് ലബനാനിലെ അല്‍ അഖ്ബാര്‍ ദിനപ്പത്രം ഈയിടെ പുറത്തുവിട്ടിരുന്നു.
Other News in this category4malayalees Recommends