വിവാഹ മോചനം കുറയ്ക്കാന്‍ അവബോധമുണ്ടാക്കാന്‍ ചുംബന മത്സരം നടത്തി ഝാര്‍ഖണ്ഡ് ; കൂടി നിന്നവര്‍ ആര്‍ത്തുവിളിച്ച് പ്രോത്സാഹനവും ; വിവാദത്തില്‍

വിവാഹ മോചനം കുറയ്ക്കാന്‍ അവബോധമുണ്ടാക്കാന്‍ ചുംബന മത്സരം നടത്തി ഝാര്‍ഖണ്ഡ് ; കൂടി നിന്നവര്‍ ആര്‍ത്തുവിളിച്ച് പ്രോത്സാഹനവും ; വിവാദത്തില്‍
ഝാര്‍ഖണ്ഡില്‍ വ്യത്യസ്തമായ ഒരു മത്സരം നടത്തി വാര്‍ത്തയിലിടം നേടിയിരിക്കുകയാണ്.ചുംബന മത്സരം. സംഘടിപ്പിച്ചതാകട്ടെ എംഎല്‍എയും. നാള്‍ക്കുനാള്‍ വിവാഹമോചനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത ആശയവുമായി എംഎല്‍എ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസമാണ് പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സൈമണ്‍ മാറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്.

പതിനെട്ടോളം ദമ്പതികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വര്‍ദ്ധിച്ച് വരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്ന് സൈമണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ദമ്പതികള്‍ക്കിടയിലുള്ള അകല്‍ച്ച കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം വരുന്ന കാണികള്‍ക്കു മുമ്പില്‍ വെച്ചാണ് ദമ്പതികള്‍ പരസ്പരം ചുംബിച്ചത്. പിന്നീട് ചുംബന ദൃശ്യങ്ങള്‍ യൂട്യൂബില്‍ എത്തിയതോടെ സംഭവം വൈറലായി.

ഇപ്പോഴിതാ ബിജെപി പ്രതികരണവുമായി രംഗത്തെത്തി.ചുംബനമത്സരം സംഘടിപ്പിച്ച എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.ചുംബനമത്സരം നടത്തിയതിലൂടെ എംഎല്‍എമാരായ സൈമണ്‍ മറാന്‍ഡിയും സ്റ്റീഫന്‍ മറാന്‍ഡിയും സാന്തല്‍ പര്‍ഗാന സമുദായത്തെ അപമാനിച്ചുവെന്ന് ബിജെപി ഝാര്‍ഖണ്ഡ് വൈസ് പ്രസിഡന്റ് ഹേംലാല്‍ മുര്‍മു ആരോപിച്ചു. ഇവരുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെടുമെന്നും ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ലെന്നും മുര്‍മു പറഞ്ഞു.സാന്തല്‍ പര്‍ഗാന സമുദായത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഈ മത്സരമെന്നും സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചതെന്നും മര്‍മു കൂട്ടിച്ചേര്‍ത്തു. രണ്ട് എംഎല്‍എമാരും ഗ്രാമത്തില്‍ ചെന്ന് മാപ്പുപറയണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends