ട്രംപിനെതിരെയുള്ള ലൈംഗിക ആരോപണം; ഡെമോക്രാറ്റുകള്‍ തനിക്കെതിരെയുണ്ടാക്കിയ കെട്ട് കഥയെന്ന് യുഎസ് പ്രസിഡന്റ്; പീഡനക്കുറ്റം ആരോപിച്ച സ്ത്രീകളെ താന്‍ കണ്ടിട്ട് പോലുമില്ലെന്ന് ട്രംപ്; പെണ്ണ് കേസില്‍ നാണം കെട്ട് വൈറ്റ്ഹൗസ്

ട്രംപിനെതിരെയുള്ള ലൈംഗിക ആരോപണം; ഡെമോക്രാറ്റുകള്‍ തനിക്കെതിരെയുണ്ടാക്കിയ കെട്ട് കഥയെന്ന് യുഎസ് പ്രസിഡന്റ്; പീഡനക്കുറ്റം ആരോപിച്ച സ്ത്രീകളെ താന്‍ കണ്ടിട്ട് പോലുമില്ലെന്ന് ട്രംപ്; പെണ്ണ് കേസില്‍ നാണം കെട്ട് വൈറ്റ്ഹൗസ്
തനിക്കെതിരെ സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ച് വന്നതില്‍ തരിമ്പും സത്യമില്ലെന്നും ഇത് കെട്ടിച്ചമച്ച കഥയാണെന്നും സ്വയം ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. താന്‍ പീഡിപ്പിച്ചുവെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്ന സ്ത്രീകളെ താനൊരിക്കലും കണ്ടിട്ട് പോലുമില്ലെന്നും അദ്ദേഹം വിശദീകരണം നല്‍കുന്നു. ഇത് തനിക്കെതിരെ ശത്രുക്കള്‍ തയ്യാറാക്കിയ ഗൂഢാലോചനയാണെന്നും അതിനനുസരിച്ച് സ്ത്രീകള്‍ കളിപ്പാവകളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഇന്ന് ട്വിറ്ററിലൂടെ ട്രംപ് പ്രതികരിച്ചു. ഇതോടെ വൈറ്റ് ഹൗസിന്റെ പേര് പെണ്ണ് കേസിന്റെ പേരില്‍ വീണ്ടും നാണം കെട്ടിരിക്കുകയാണ്.

എന്‍ബിസിയിലെ മെഗിന്‍ കെല്ലി ടുഡേയിലൂടെയായിരുന്നു മൂന്ന് സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. താന്‍ റഷ്യയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഡെമോക്രാറ്റുകള്‍ക്ക് എവിടെയും എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അവര്‍ തന്നെ താറടിച്ച് കാണിക്കാന്‍ വ്യാജലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. ഡെമോക്രാറ്റ് ന്യൂയോര്‍ക്ക് സെനറ്ററായ കിര്‍സ്റ്റണ്‍ ഗില്ലിബാര്‍ഡിനെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു.

ഈ ആരോപണങ്ങളെ തുടര്‍ന്ന് ട്രംപ് രാജി വയ്ക്കണമെന്നായിരുന്നു ഗില്ലിബാര്‍ഡ് ഇന്നലെ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ഗില്ലിബാര്‍ഡ് നിലപാടുകളില്ലാത്ത ഡെമോക്രാറ്റ് നേതാവാണെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടിനായി തന്റെ ഓഫീസില്‍ വന്ന് യാചിച്ചിട്ട് അധികം നാളായില്ലെന്നും ഇപ്പോള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഇന്നലെ ജെസീക്ക ലീഡ്‌സ്, സാമന്ത ഹോല്‍വെ, റേച്ചല്‍ ക്രൂക്‌സ് എന്നീ മൂന്ന് സ്ത്രീകളാണ് ട്രംപിനെതിരെ പീഡനക്കുറ്റം ആരോപിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം കോണ്‍ഗ്രസ് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Other News in this category4malayalees Recommends