സരിതയുടെ വിവാദ കത്ത് പോലീസിന് ഇന്നും തലവേദന ; കോടതി വിധി വരാതെ കത്തില്‍ തൊടാന്‍ മടിച്ച് അന്വേഷണ സംഘം

സരിതയുടെ വിവാദ കത്ത് പോലീസിന് ഇന്നും തലവേദന ; കോടതി വിധി വരാതെ കത്തില്‍ തൊടാന്‍ മടിച്ച് അന്വേഷണ സംഘം
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച തുടരന്വേഷണം അനിശ്ചിതത്വത്തിലാണ് .അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് രണ്ടുമാസമായെങ്കിലും പ്രാഥമികനടപടികള്‍പോലും തുടങ്ങിയിട്ടില്ല. പുതുതായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സരിതാ നായരുടെ കത്തിന്റെ നിയമപരമായ സാധുത സംബന്ധിച്ച സംശയങ്ങളാണ് പോലീസിനെ അലട്ടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്.

കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഉന്നതരെ ലക്ഷ്യമിട്ട് സരിതയും മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറും ചേര്‍ന്ന് തയ്യാറാക്കിയതാണ് കത്തെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പോലീസുദ്യോഗസ്ഥരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തില്‍ പറയുന്നത്.ഈ ഹര്‍ജിയില്‍ കോടതിയുത്തരവ് വന്നശേഷം മതി തുടരന്വേഷണമെന്ന ചിന്ത അന്വേഷണസംഘത്തിനുണ്ട്.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്നാണ് നിയമോപദേശം. ഈ നിയമോപദേശത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടുന്നത്.

പ്രമുഖരെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ രണ്ടാമത് എഴുതിച്ചേര്‍ത്തതാണ് കത്തിലെ നാലുപേജുകളെന്നാണ് പത്തനംതിട്ട കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലെ ആരോപണം.കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതിയില്‍ നിലനില്‍ക്കുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട് .ഏതായാലും വ്യക്തമായ ഉറപ്പുണ്ടെങ്കിലേ സംഘം വിവാദ കത്തില്‍ തൊടൂ.അല്ലെങ്കില്‍ അധികൃതര്‍ക്ക് കോടതി കയറി ഇറങ്ങാനെ നേരം കാണൂഎന്ന് വ്യക്തമാണ് .

Other News in this category4malayalees Recommends