അമേരിക്കയുടെ തകര്‍ച്ച ആസന്നം, ചൈന ഒന്നാമത്തെ സാമ്പത്തിക ശക്തിയായേക്കും

അമേരിക്കയുടെ  തകര്‍ച്ച ആസന്നം, ചൈന ഒന്നാമത്തെ സാമ്പത്തിക ശക്തിയായേക്കും

വാഷിങ്ടണ്‍: രാഷ്ട്രീയ, ധാര്‍മ്മിക മേഖലകളില്‍ ജീര്‍ണതയിലേയ്ക്ക് കൂപ്പുകുത്തിക്കഴിഞ്ഞ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെ തകര്‍ച്ച ആസന്നമെന്ന് നിരീക്ഷണം. ഇതൊരു പ്രതിസന്ധിയല്ല, നേരേമറിച്ച് മറ്റൊരു ധ്രുവീകരണത്തിലേയ്ക്കുള്ള പാതയില്‍ യു എസിന്റെ സാമ്പത്തികമായ ആസന്ന മരണാവസ്ഥയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ചൈന ഒന്നാമത്തെ ആഗോള സാമ്പത്തിക ശക്തിയായി മാറാന്‍ പോകുകയാണ് 2018ല്‍. പ്രശസ്ത അന്താരാഷ്ട്ര സാമ്പത്തികകാര്യ വിദഗ്ധനും യൂറേഷ്യന്‍ ഗ്രൂപ്പിന്റെ പ്രസിഡന്റുമായ ഡോ. ഇയാന്‍ ബ്രെമ്മര്‍ അറബ് സ്റ്റാറ്റജിക് ഫോറത്തെ അഭിസംബോധന ചെയ്യവേ പ്രവചിച്ചു. അമേരിക്കയുടെ സാമ്പത്തിക മേല്‍ക്കോയ്മ കടത്തിവെട്ടി ചൈന മുന്നേറുന്നതിന് കാരണക്കാരന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാത്രമാണെന്നും അദ്ദേഹം കരുതുന്നു. ചൈനയ്ക്ക് മുന്നില്‍ ഒരു പുതുയുഗം പിറക്കാന്‍ പോകുന്നുവെന്ന ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങിന്റെ മൂന്നര മണിക്കൂര്‍ നീണ്ട അടുത്ത ദിവസത്തെ പ്രസംഗം വരാനിരിക്കുന്ന ആഗോള സാമ്പത്തിക കൊടുങ്കാറ്റിന്റെ നാന്ദിയാണെന്നും ഡോ. ബ്രെമ്മര്‍ അഭിപ്രായപ്പെട്ടു. പാരിസ് കാലാവസ്ഥാകരാറില്‍ നിന്നും യുനെസ്‌കോയില്‍ നിന്നും ട്രാന്‍സ്പസഫിക്ക് വ്യാപാരസഖ്യത്തില്‍ നിന്നും പിന്മാറിയ പ്രസിഡന്റ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്രസഭയും ഒറ്റക്കെട്ടായി യു എസിനെതിരെ അണിനിരന്ന സാഹചര്യത്തില്‍ ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങള്‍ക്ക് അമേരിക്കയും ട്രംപും വിധേയരായാലും അത്ഭുതപ്പെടാനില്ലെന്ന് ഡോ. ബ്രെമ്മര്‍ പറഞ്ഞു. സമ്പന്നമായ ചൈന ശിഥിലമാകുമെന്ന ട്രംപിന്റെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഉപദേശിക്കുന്ന യു എസ് അതിന്റെ സമ്പദ്ഘടനയുടെ നവീകരണത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്നു. ബ്രെക്‌സിറ്റ് ധ്രുവീകരണത്തോടെ ജര്‍മ്മനിയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും സാമ്പത്തികമായി ഛിന്നഭിന്നമാക്കുന്നതും അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധത്തില്‍ ചൈന നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ യു എസിന്റെ സാമ്പത്തിക പതനം ആസന്നമാക്കുമെന്നും ഡോ. ബ്രെമ്മര്‍ കരുതുന്നു.

Other News in this category4malayalees Recommends