എയര്‍ഇന്ത്യ വില്‍പന: എമിറേറ്റ്‌സും എത്തിഹാദുമായി കേന്ദ്ര മന്ത്രി രഹസ്യചര്‍ച്ച നടത്തി

എയര്‍ഇന്ത്യ വില്‍പന: എമിറേറ്റ്‌സും എത്തിഹാദുമായി കേന്ദ്ര മന്ത്രി രഹസ്യചര്‍ച്ച നടത്തി
ദുബായ്: ലോകത്തെ ഏറ്റവും പഴക്കമേറിയ വിമാനസര്‍വീസുകളിലൊന്നായ ഇന്ത്യയുടെ പതാകവാഹക വിമാനക്കമ്പനി എയര്‍ ഇന്ത്യയുടെ കച്ചവടത്തിനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തോടടുക്കുന്നു.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ രണ്ടുതവണ ദുബായിലും അബുദാബിയിലും രഹസ്യസന്ദര്‍ശനം നടത്തിയതായി എയര്‍ ഇന്ത്യാ വൃത്തങ്ങളില്‍ നിന്ന് അറിവായി.

ദുബായിയുടെ എമിറേറ്റ്‌സ് എയര്‍വേയ്‌സ്, അബുദാബിയിലെ എത്തിഹാദ് എയര്‍വേയ്‌സ് എന്നിവയുമായാണ് നവംബറിലും ഡിസംബര്‍ മധ്യത്തിലുമായി കേന്ദ്രമന്ത്രി ജയന്ത്ഷാ ഉന്നതതല ചര്‍ച്ചകള്‍ നടത്തിയതെന്ന് എമിറേറ്റ്‌സ് കേന്ദ്രങ്ങളും സ്ഥിരീകരിക്കുന്നു. ലക്ഷക്കണക്കിന് കോടിയുടെ നഷ്ടം മാത്രം കൊയ്യുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രധാനമന്ത്രി മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനിച്ചതിനു പിന്നാലെയാണ് എയര്‍ഇന്ത്യയുടെ വില്‍പനയ്ക്കുള്ള നീക്കങ്ങളെന്നതും ശ്രദ്ധേയം.

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനനഷ്ടം 2.2 ലക്ഷം കോടിരൂപയും മൊത്തം നഷ്ടം 4.26 ലക്ഷം കോടിരൂപയുമാണെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പോലും പരസ്പരവിരുദ്ധമായ കണക്കുകളാണ് പുറത്തുവിടുന്നതെന്നും സിഎജി കുറ്റപ്പെടുത്തിയിരുന്നു. 2015 ല്‍ 105 കോടിയും 1916 ല്‍ 3836.77 കോടിയും 1917 സെപ്റ്റംബര്‍ വരെ 3643 കോടിയുമാണ് എയര്‍ ഇന്ത്യയുടെ നഷ്ടമെന്ന് രാജ്യസഭയില്‍ കള്ളക്കണക്ക് അവതരിപ്പിച്ച മന്ത്രി ജയന്ത്‌സിന്‍ഹ രാജ്യസഭയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ രേഖാമൂലം നല്‍കിയ മറുപടിയില്‍ 2017 മാര്‍ച്ചുവരെയുള്ള നഷ്ടം 48,876.81 കോടി രൂപയാണെന്നും വെളിപ്പെടുത്തിയിരുന്നു. സത്യവുമായി പുലബന്ധം പോലുമില്ലാത്ത നഷ്ടക്കണക്കുകള്‍ നിരത്തിയ മന്ത്രി ഒരു കാര്യം രേഖാമൂലം തന്നെ സമ്മതിച്ചു. പ്രതിദിനം 100 കോടി രൂപ നഷ്ടം സഹിച്ചാണ് എയര്‍ ഇന്ത്യ പറക്കുന്നതെന്ന്. അതായത് ആ കണക്കുപ്രകാരം തന്നെ പ്രതിവര്‍ഷ നഷ്ടം 36,500 കോടി രൂപ.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ജറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ വാങ്ങിയ എത്തിഹാദ് എയര്‍വേസ് ഊര്‍ദ്ധശ്വാസം വലിച്ചു കിടന്ന ജറ്റ് എയര്‍വേസിലെ ലാഭകരമായ കമ്പനിയാക്കി മാറ്റുകയായിരുന്നു. വിദേശ സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോയും സ്‌പൈസ്ജറ്റും ലാഭത്തിലോടുമ്പോള്‍ എയര്‍ ഇന്ത്യമാത്രം നഷ്ടത്തില്‍ മുങ്ങാംകുഴിയിടുന്നു. ജറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ അബുദാബിയുടെ ഔദ്യോഗിക എയര്‍വേയ്‌സ് ആയ എത്തിഹാദ് വാങ്ങിയശേഷം ജെറ്റ് എയര്‍വേയ്‌സില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ സംഖ്യയില്‍ 32.3 ലക്ഷം പേരുടെ വര്‍ധനവുണ്ടായപ്പോള്‍ മൂന്നാം സ്ഥാനത്തായ എയര്‍ ഇന്ത്യയിലെ യാത്രക്കാരുടെ വര്‍ധന വെറും 63,44,881 മാത്രം. ലോകത്തെ പുകള്‍പെറ്റ വിമാനക്കമ്പനിയോട് യാത്രക്കാര്‍ കടുത്ത അനാഭിമുഖ്യം കാട്ടുന്നുവെന്നതിന് തെളിവാണിത്. വിദേശത്തേക്കുള്ള യാത്രക്കാരില്‍ ജറ്റ് എയര്‍വേയ്‌സിന്റെ വിഹിതം 86 ശതമാനമായപ്പോള്‍ എയര്‍ ഇന്ത്യയുടേത് വെറും 13 ശതമാനം.
ജയന്ത്‌സിന്‍ഹയ്ക്കു പുറമേ എയര്‍ ഇന്ത്യാ മേധാവി രാജീവ് ബന്‍സാല്‍ ഓഹരി വില്‍പന സംബന്ധിച്ച് ഷാര്‍ജയുടെ എയര്‍അറേബ്യ, സൗദി അറേബ്യയുടെ സൗദിയ എയര്‍വേയ്‌സ്, ഖത്തറിന്റെ ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുമായും ഉന്നതതല ചര്‍ച്ചകള്‍ നടത്തിയതായി അറിവായി. എന്നാല്‍ ഈ ഗള്‍ഫ് വിമാനക്കമ്പനികളെല്ലാം എയര്‍ ഇന്ത്യയുടെ പതനത്തിനിരയായ കാരണങ്ങള്‍ നിരത്തിയാണത്രേ വിലപേശല്‍ നടത്തിയത്. 2017 ലെ കണക്കനുസരിച്ച് എയര്‍ ഇന്ത്യയില്‍ മൊത്തം 28,645 സ്ഥിരം ജീവനക്കാരാണുള്ളത്. ഇതിനുപുറമേ മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കരാറടിസ്ഥാനത്തില്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ 12,017. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ 1740 പേരെ കരാര്‍ ജീവനക്കാരായി പിന്നെയും നിയമിച്ചു.

എന്നാല്‍ മനുഷ്യവിഭവശേഷി വിനിയോഗത്തില്‍ ലോകത്ത് ഏറ്റവും പിടിപ്പുകെട്ട വിമാനക്കമ്പനിയാണെന്ന് ഓഹരി വില്‍പന ചര്‍ച്ചകള്‍ക്കിടയില്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൈലറ്റുമാരെ നിയമിക്കാന്‍ ആക്രാന്തം കാട്ടുന്ന എയര്‍ ഇന്ത്യയിലെയും എയര്‍ ഇന്ത്യാ എക്‌സ്പ്രസിലേയും പൈലറ്റുമാര്‍ ഒരു മാസം ശരാശരി 78 മണിക്കൂര്‍ മാത്രമാണ് വിമാനം പറത്തുന്നത്. ശേഷിക്കുന്ന സമയം ജോലി ചെയ്യാതെ കനത്ത ശമ്പളം പറ്റുന്നത് കെടുകാര്യസ്ഥതയുടെ ഉദാഹരണമായി ഗള്‍ഫ് കമ്പനികള്‍ വിശദാംശങ്ങള്‍ നിരത്തിയതായറിയുന്നു. ലക്ഷക്കണക്കിന് കോടി നഷ്ടം പേറുന്ന എയര്‍ ഇന്ത്യയുടെ ഓഹരിമൂല്യം പാതാളത്തോളം താണ സാഹചര്യത്തിലാണ് ഗള്‍ഫ് എയര്‍വേയ്‌സുകള്‍ ഓഹരിവാങ്ങുന്നതില്‍ താല്‍പര്യം കാട്ടുന്നതെന്നും സൂചനയുണ്ട്.
Other News in this category4malayalees Recommends