ട്രംപിന് തെരഞ്ഞെടുപ്പില്‍ പ്രശസ്തി നേടുക മാത്രമായിരുന്നു ലക്ഷ്യം

ട്രംപിന് തെരഞ്ഞെടുപ്പില്‍ പ്രശസ്തി നേടുക മാത്രമായിരുന്നു ലക്ഷ്യം
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വിജയിക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. പ്രശസ്തി നേടുക അതുമാത്രമായിരുന്നു ലക്ഷ്യം. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വൂള്‍ഫ് എഴുതിയ 'ഫയര്‍ ആന്‍ഡ് ഫ്യൂറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയം അല്ലായിരുന്നു. മത്സരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്‍ കഴിയുമെന്ന് തന്റെ അനുയായിയായ സാം നണ്‍ബര്‍ഗിനോട് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും ഫോക്‌സ് ന്യൂസ് മേധാവിയുമായിരുന്ന റോജര്‍ ഏലിസ് പലപ്പോഴും ട്രംപിനോടു പറഞ്ഞിരുന്നു, നിങ്ങള്‍ക്കു പ്രശസ്തനാകണമെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് പുസ്തകത്തില്‍ പറയുന്നു.

എച്ച്1ബി വിസ വിഷയത്തില്‍ സിലിക്കണ്‍ വാലിയിലെ പ്രശ്‌നങ്ങളില്‍ ട്രംപിനു സഹാനുഭൂതി തോന്നിയിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ശക്തമായ നിലപാടാണു ട്രംപ് പുറമേ സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം അമേരിക്കക്കാരുടെ ജോലികള്‍ മറ്റു രാജ്യക്കാര്‍ തട്ടിയെടുക്കുകയാണെന്നാണു ട്രംപ് ആരോപിച്ചിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ എച്ച് 1ബി വിസ വിഷയത്തില്‍ ട്രംപ് ഭരണകൂടം പുനരാലോചന നടത്തുകയുമാണ്. ഈ പശ്ചാത്തലത്തില്‍ പുസ്തകത്തിലെ നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണെന്നും വിലയിരുത്തപ്പെടുന്നു.

ട്രംപിനെപ്പോലെ തന്നെ ഭാര്യ മെലാനിയയും ട്രംപിന്റെ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫലം പുറത്തുവന്നതോടെ അവര്‍ സങ്കടത്തോടെ കരഞ്ഞുമെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
എന്നാല്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് തള്ളിക്കളഞ്ഞു. പുസ്തകത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ച് 'ഡോണള്‍ഡ് ട്രംപ് ഡിഡ് നോട്ട് വാണ്ട് ടു ബി പ്രസിഡന്റ്' എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് മാഗസിന്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ട്രംപ് അധികാരത്തില്‍ കയറിയശേഷം ഒരു തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളെന്നും അതാകെ ഏഴുമിനിറ്റേ നീണ്ടുനിന്നുള്ളെന്നും സാന്‍ഡേഴ്‌സ് അറിയിച്ചു. പുസ്തകം അടുത്തയാഴ്ചയോടെ വിപണിയിലിറങ്ങും. ഫിക്ഷന്‍ എന്നാണ് വൈറ്റ് ഹൗസ് പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പുസ്തകത്തിനായി വൈറ്റ് ഹൗസില്‍നിന്ന് ഒരു അനുവാദവും വൂള്‍ഫ് നേടിയിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends