യുക്മ യൂത്ത് പ്രൊജക്റ്റിന് ഔപചാരികമായ തുടക്കം........... വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി

യുക്മ യൂത്ത് പ്രൊജക്റ്റിന് ഔപചാരികമായ തുടക്കം...........  വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും ചെല്‍റ്റനാമില്‍ നടന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

യു കെ യില്‍ പഠിച്ചു വളരുന്ന മലയാളി കുട്ടികള്‍ക്ക് വിവിധ തൊഴില്‍ രംഗങ്ങളെ പരിചയപ്പെടുത്തുവാന്‍ ലക്ഷ്യം വച്ചുകൊണ്ടു വിഭാവനം ചെയ്തതായിരുന്നു കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം. യു കെ യിലെ പ്രൊഫഷണല്‍ രംഗങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

പ്രൊഫഷണല്‍ ലക്‌ചേഴ്‌സിനൊപ്പം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കി അവതരിപ്പിച്ച ക്ലാസ്സുകള്‍ ഏറെ വ്യത്യസ്തത പുലര്‍ത്തി.

മനഃശാസ്ത്രത്തില്‍ സൗത്ത് ആഫ്രിക്കയില്‍നിന്നും ബിരുദാനന്തര ബിരുദവും യു കെ യില്‍ നിന്നും ഡോക്റ്ററേറ്റും കരസ്ഥമാക്കിയ ശശികല മോഹനന്‍ സൈക്കോളജിയുമായി ബന്ധപ്പെട്ട കോഴ്‌സ്‌കളെപ്പറ്റിയും തൊഴില്‍ സാധ്യതകളെപ്പറ്റിയും വിശദമായി ക്ലാസ് നയിച്ചു. യു.കെ.സിവില്‍ സര്‍വീസിനെ കുറിച്ച് ഡോക്റ്റര്‍ അഞ്ചു ജോഷ്വ നയിച്ച ക്ലാസ്സും വളരെ ശ്രദ്ധേയമായി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് യു.കെ. സീനിയര്‍ ഇക്കോണോമിസ്റ്റും ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ് മെന്റ് വകുപ്പ് തലവനുമായ ഡോക്റ്റര്‍ ജോഷ്വ പൊതുവെ യു.മലയാളി സമൂഹം കടന്നുചെല്ലാത്ത യു.കെ. സിവില്‍ സര്‍വീസ് സാധ്യതകളേക്കുറിച്ചു വിജ്ഞാനപ്രദമായി ക്ലാസ് നയിച്ചു.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും വൂസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ. ബിരുദവും നേടി യു.കെ.യില്‍ കോളേജ് അദ്ധ്യാപികയായി ജോലിചെയ്യുന്ന മീര കമല 'തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങ'ളെക്കുറിച്ചും രക്ഷിതാക്കളില്‍ ഉണ്ടാകേണ്ടുന്ന അവബോധത്തെക്കുറിച്ചും നയിച്ച ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ തന്നെ പരിപാടിയില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കും വളരെ പ്രയോജനകരമായി.

വിവര സാങ്കേതിക വിദ്യയില്‍ യു.കെ.യില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയ ആഷ്‌ലിന്‍ ജോസഫ് നയിച്ച ക്‌ളാസ് ആയിരുന്ന അടുത്തത്. ഐ.ബി.എം. കമ്പനിയുടെ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് ആയി ജോലിചെയ്യുന്ന ആഷ്‌ലിന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോഴ്‌സ്‌കളെപ്പറ്റിയും തൊഴില്‍ സാധ്യതകളെപ്പറ്റിയും സംസാരിച്ചു. കൂടാതെ ഇന്റര്‍വ്യൂ സ്‌കില്‍സ് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്‌ളാസും വിജ്ഞാനപ്രദമായി.

പുതുതലമുറയിലെ വളരെയധികം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന അക്കൗണ്ടന്‍സിയുമായി ബന്ധപ്പെട്ട വിവിധ പാഠ്യവിഷയങ്ങളെക്കുറിച്ചും ആഗോളതലത്തില്‍ അതിനുള്ള തൊഴില്‍ സാധ്യതകളെക്കുറിച്ചും അഖില്‍ പയസ് ക്ലാസ് നയിച്ചു. ബെല്‍ഫാസ്റ്റ് യുണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദം നേടിയ അഖില്‍ അസ്സോസിയേറ്റ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് യോഗ്യത നേടിയിട്ടുള്ള അപൂര്‍വം മലയാളികളില്‍ ഒരാളാണ്.

ചെല്‍റ്റ്‌നാം പീറ്റ്‌സ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ അപര്‍ണ്ണ ബിജു, ലക്ഷ്മി ബിജു, അനു മാത്യു എന്നിവര്‍ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പങ്കുവച്ച അറിവുകളും അനുഭവങ്ങളും വളരെ ഹൃദ്യമായി. അതുപോലെതന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജൂലിയറ്റ് സെബാസ്റ്റ്യന്‍, കെവിന്‍ തോമസ് എന്നിവര്‍ നയിച്ച മെഡിക്കല്‍ പ്രവേശനത്തെക്കുറിച്ചും അതിലെ വെല്ലുവിളികളെയും സാധ്യതകളെയുംകുറിച്ചും നടത്തിയ സെഷനും വളരെയധികം വിജ്ഞാനപ്രദമായിരുന്നു.

പ്രോഗ്രാമിന്റെ ഇടവേളയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍വച്ചു യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ദേശീയ തല ഔപചാരിക ഉദ്ഘാടനം യുക്മ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് നിര്‍വഹിച്ചു. യുക്മ യൂത്ത് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുക്മ ദേശീയ വൈസ് പ്രസിഡണ്ടും യുക്മ യൂത്ത് നാഷണല്‍ കോര്‍ഡിനേറ്ററുമായ ഡോക്റ്റര്‍ ദീപ ജേക്കബ് പ്രൊജക്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. യോഗത്തില്‍ യുക്മ ദേശീയ വൈസ് പ്രസിഡണ്ട് സുജു ജോസഫ്, ദേശീയ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം, സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി എം.പി.പദ്മരാജ്, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡണ്ട് ടോം ശങ്കൂരിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

'യുക്മ യൂത്ത്' എന്ന ആശയം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു അവതരിപ്പിച്ചു അംഗീകാരം നേടിയെടുത്തത് ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് ആയിരുന്നു. ദേശീയതല ഉദ്ഘാടനം പൂര്‍ത്തിയായനിലക്ക്, വിവിധ റീജിയണല്‍ കേന്ദ്രങ്ങളില്‍ യുക്മ യൂത്ത് പ്രൊജക്റ്റ് പരിപാടികളുമായി യുക്മ ദേശീയ കമ്മറ്റി മുന്നോട്ട് വരുമെന്ന് ദേശീയ പ്രസിഡണ്ട് വ്യക്തമാക്കി. ചെല്‍റ്റനാം സെന്റ് എഡ്‌വേഡ് സ്‌കൂളില്‍ നടന്ന പരിപാടികള്‍ക്ക് യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് വര്‍ഗീസ് ചെറിയാന്‍, മനോജ് വേണുഗോപാല്‍, ലൗലി സെബാസ്റ്റ്യന്‍, പോള്‍സണ്‍ ജോസ്, തോമസ് കോടങ്കണ്ടത്ത് , മാത്യു ഇടിക്കുള, ബിസ് പോള്‍, വിന്‍സെന്റ് സ്‌കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും മാതാപിതാക്കളുമായി നൂറ്റിഅന്‍പതുപേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Other News in this category4malayalees Recommends