ശബരിമലയില്‍ ബോംബ് ഭീഷണി: കുടുംബ വഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാനുള്ള അച്ഛന്റെ നീക്കം

ശബരിമലയില്‍ ബോംബ് ഭീഷണി: കുടുംബ വഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാനുള്ള അച്ഛന്റെ നീക്കം
ശബരിമല: കുടുംബ വഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ അച്ഛന്‍ ചെയ്തതിങ്ങനെ. സന്നിധാനത്ത് വ്യാജ ബോംബ് ഭീഷണി എത്തുകയായിരുന്നു. സംഭവത്തില്‍ കര്‍ണാടക ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ (23) പോലീസ് സന്നിധാനത്തു നിന്ന് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളിന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്പറിന്റെ ഉടമ ഹൊസൂര്‍ സ്വദേശി തിമ്മരാജാണെന്നും സന്നിധാനം പരിധിയില്‍ ഉള്ളതായും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി.

ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍നിന്ന് തിമ്മരാജിന്റെ ഫോട്ടോയെടുത്തു. ഇതുപയോഗിച്ച് സന്നിധാനത്തും പരിസരത്തും തിരച്ചില്‍ നടത്തി. പുലര്‍ച്ചെ തിമ്മരാജിനെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പമ്പ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്റ്റര്‍ പരിശോധിച്ച് ഭീഷണി വന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവ് ഉമാശങ്കറിന്റെ നമ്പറാണെന്ന് വെളിപ്പെടുത്തി. പിതാവ് വേറെ വിവാഹം കഴിച്ച് ബംഗളൂരുവിലാണെന്നും വഴക്കിലാണെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിനെ കുടുക്കാന്‍ ഉമാശങ്കര്‍ നടത്തിയ നീക്കമാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് പോലീസ് കരുതുന്നത്.





Other News in this category



4malayalees Recommends