യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 20 ബ ില്യണ്‍ പൗണ്ടിന്റെ സംഭാവനയേകുന്നു; ലണ്ടന് മാത്രം 4.6 ബില്യണ്‍ പൗണ്ട് ലഭിക്കുന്നു; അവര്‍ക്ക് വേണ്ടി ചെലവാക്കുന്ന പണത്തേക്കാള്‍ പത്തിരട്ടി നേട്ടം ഇവിടെ അവരെക്കൊണ്ടുണ്ടാകുന്നു

യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍  പ്രതിവര്‍ഷം 20 ബ ില്യണ്‍ പൗണ്ടിന്റെ സംഭാവനയേകുന്നു; ലണ്ടന് മാത്രം  4.6 ബില്യണ്‍ പൗണ്ട് ലഭിക്കുന്നു; അവര്‍ക്ക് വേണ്ടി ചെലവാക്കുന്ന പണത്തേക്കാള്‍ പത്തിരട്ടി നേട്ടം ഇവിടെ അവരെക്കൊണ്ടുണ്ടാകുന്നു
വിദേശ വിദ്യാര്‍ത്ഥികള്‍ യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് വന്‍ സംഭാവനയേകുന്നുവെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 20 ബ ില്യണ്‍ പൗണ്ടിന്റെ സംഭാവനയേകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള ഒരു റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇവര്‍ ഇവിടെ പഠിക്കുന്നതിന് നല്‍കുന്ന ട്യൂഷന്‍ ഫീസിന് പുറമെ അവര്‍ ഇവിടെ ചെലവഴിക്കുന്ന തുകയും നിര്‍ണായകമാണെന്നാണ് ഇത് സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരിക്കുന്ന വിശകലനം എടുത്ത് കാട്ടുന്നത്.

ഇതിലൂടെ ലണ്ടന് മാത്രം പ്രതിവര്‍ഷം 4.6 ബില്യണ്‍ പൗണ്ടാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഷെഫീല്‍ഡിനാണ് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ ഇമിഗ്രേഷന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്നുള്ള ആവശ്യത്തെ പിന്തുണക്കുന്ന കണ്ടെത്തലാണിതെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ നിക്ക് ഹില്‍മാന്‍ എടുത്ത് കാട്ടുന്നത്. ഓരോ വര്‍ഷവും യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നതിനായി ഏതാണ്ട് 230,000 വിദ്യാര്‍ത്ഥികളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ മിക്കവരും പോസ്റ്റ് ഗ്രാജ്വേറ്റുകളാണ്.

ഇക്കാര്യത്തില്‍ ചൈനയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഇവിടുത്തെ ചെലവിടലിനെ പറ്റിയും കോണ്‍ട്രിബ്യൂഷനെ പറ്റിയുമുള്ള വിശകലനം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് നടത്തിയിരുന്നു. ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, എന്നിവയെ അവര്‍ കാരണം ഇവിടുത്തെ സമൂഹത്തിനുണ്ടാകുന്ന ചെലവുമായി താരതമ്യപ്പെടുത്തി അതിന്റെ ലാഭം കണക്ക് കൂട്ടിയിരുന്നു. അതായത് ഇവര്‍ കാരണം ലോക്കല്‍ സര്‍വീസുകള്‍ക്കും നോണ്‍-പേമെന്റ് ലോണുകള്‍ക്കും മേല്‍ വരുന്ന അധിക സമ്മര്‍ദമായിരുന്നു കണക്ക് കൂട്ടിയിരുന്നത്.

എങ്ങനെ കൂട്ടിക്കിഴിച്ചാലും ഇവര്‍ കാരണം ഇവിടുത്തെ സമ്പദ് വ്യവസ്ഥക്ക് നേട്ടം മാത്രമാണുണ്ടാകുന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥക്ക് നിര്‍ണായകമായ മെച്ചങ്ങളുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഉയര്‍ന്ന ഫീസ് നല്‍കുന്നതെന്ന് വെളിപ്പെട്ടിരുന്നുവെന്നും ഹില്‍മാന്‍ എടുത്ത് കാട്ടുന്നു. അതിനാല്‍ അവര്‍ക്കായി ഇവിടുന്ന് ചെലവിടുന്ന പണത്തേക്കാള്‍ പത്തിരട്ടി അവര്‍ കാരണം സമ്പദ് വ്യവസ്ഥക്ക് മെച്ചമുണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു.


Other News in this category4malayalees Recommends