കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത് 445 വെടിയുണ്ടകളും അഞ്ച് കുഴി ബോംബുകളും ; ഉഗ്ര ശേഷിയുള്ള ഇവ പുല്‍ഗാവിലെ സൈനീയ ആയുധ ശാലയില്‍ നിന്നുള്ളത് ; അന്വേഷണം ഊര്‍ജ്ജിതമാക്കി

കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത് 445 വെടിയുണ്ടകളും അഞ്ച് കുഴി ബോംബുകളും ; ഉഗ്ര ശേഷിയുള്ള ഇവ പുല്‍ഗാവിലെ സൈനീയ ആയുധ ശാലയില്‍ നിന്നുള്ളത് ; അന്വേഷണം ഊര്‍ജ്ജിതമാക്കി
കുറ്റിപ്പുറത്ത് ആശങ്കകള്‍ ഒഴിയുന്നില്ല. ഇവിടെ നിന്ന് കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്ര സ്‌ഫോടനശേഷിയുള്ള കുഴിബോംബുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മാണശാലയിലേതെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണശാലകളിലൊന്നാണ് പുല്‍ഗാവിലേത്.

അഞ്ച് കുഴിബോംബും 445 വെടിയുണ്ടകളുമാണ് കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍നിന്നു കണ്ടെത്തിയത്. പുല്‍ഗാവിലെ വെടിക്കോപ്പ് നിര്‍മാണശാലയില്‍നിന്ന് ഏതെങ്കിലും സൈനികത്താവളത്തിലേക്ക് കൊണ്ടുപോയ വെടിക്കോപ്പുകള്‍ ആയുധക്കൊള്ളക്കാരോ തീവ്രവാദവിഭാഗങ്ങളോ തട്ടിയെടുത്തതാകാമെന്നാണ് നിഗമനം.

മാവോയിസ്റ്റുകളുടെ പങ്കും തള്ളിക്കളായാനാവില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സൈനിക ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ക്ലെമോര്‍ മൈന്‍ വിഭാഗത്തില്‍പ്പെട്ട കുഴിബോംബുകളാണ് കുറ്റിപ്പുറത്തു കണ്ടെത്തിയത്. നൂറുകണക്കിന് മൂര്‍ച്ചയേറിയ ആണികളും ചെറിയ ഇരുമ്പ് ഉണ്ടകളും അടങ്ങിയതാണ് ഇവയോരോന്നും.പൊട്ടിത്തെറിക്കുമ്പോള്‍ മനുഷ്യരുടെമേല്‍ ഇവ തറഞ്ഞുകയറും. സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുത്തശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് പോകാനാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ തീരുമാനം.

ഇത്തരം കുഴിബോംബുകള്‍ കേരളത്തിലെത്തിയത് ഇന്റലിജന്‍സ് വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മതതീവ്രവാദ സംഘടനകളിലേക്കും അന്വേഷണം നീളും. കണ്ടെത്തിയ വെടിക്കോപ്പുകളുടെ പഴക്കം, ഏത് സൈനികത്താവളത്തിലേക്ക് അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണം തുടങ്ങി.

Other News in this category4malayalees Recommends