കാനഡയില്‍ പകര്‍ച്ചപ്പനി പടരുന്നു; ഇന്‍ഫ്‌ലുവന്‍സ് ബാധിച്ച് അഞ്ച് കുട്ടികളടക്കം 54 മരണം; 5,572 പനിക്കേസുകള്‍ ലബോറട്ടറികളില്‍ സ്ഥിരീകരിക്കപ്പെട്ടു; ഇപ്രാവശ്യത്തെ പനിബാധ പതിവിലും ശക്തം; പനി കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും കൂടുതല്‍ ഭീഷണി

4mreporter

കാനഡയില്‍ പകര്‍ച്ചപ്പനി ആശങ്കയുയര്‍ത്തുന്ന രീതിയില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.ജനുവരി 6ലെ കണക്കുകള്‍ അനുസരിച്ച് 15,572 പനിക്കേസുകള്‍ ലബോറട്ടറികളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ വെളിപ്പെടുത്തുന്നത്. വര്‍ഷത്തില്‍ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്ന രീതിയില്‍ ഇന്‍ഫ്‌ലുവന്‍സ ബാധ വര്‍ധിച്ചുവെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ ഫ്‌ലൂവാച്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.


കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വെറും 8976 പനിക്കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രാജ്യത്ത് ബാധിച്ചിരിക്കുന്ന പനിയില്‍ ഭൂരിഭാഗവും ഇന്‍ഫ്‌ലുവന്‍സ എയുടെ എച്ച്3എന്‍2 സബ്‌ടൈപ്പാണ്.പ്രത്യേകിച്ച് കുട്ടികളെയും വയോജനങ്ങളെയും കടുത്ത അപകടത്തിലാക്കാന്‍ സാധ്യതയേറെയുള്ള ആപത് കരമായ സ്‌ട്രെയിനാണിത്. എന്നാല്‍ അതേ സമയം ഇന്‍ഫ്‌ലുവന്‍സ ബി വ്യാപിക്കുന്നത് സ്ഥിരമായ തോതിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.


ബി സ്‌ട്രെയിന്‍ സാധാരണത്തേതിലും നേരത്തെ തന്നെ ഇപ്രാവശ്യം വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. കാനഡയില്‍ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ പനിബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്രാവശ്യം പനി ബാധിച്ച് 54 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ അഞ്ച് പേര്‍ കുട്ടികളാണെന്നും ഫ്‌ലൂവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പനി ബാധിച്ച് 1850 പേര്‍ ആശുപത്രിയിലായിട്ടുണ്ട്.ഇവരില്‍ 68 ശതമാനം പേരും പ്രായമായവരാണ്.

Other News in this category4malayalees Recommends