ആഗോളവിപണിയില്‍എണ്ണവില കുതിക്കുന്നു, ഇന്ത്യയില്‍ ഇനി കൊള്ളക്കാലം

ആഗോളവിപണിയില്‍എണ്ണവില കുതിക്കുന്നു, ഇന്ത്യയില്‍ ഇനി കൊള്ളക്കാലം
ദുബായ്: ആഗോളവിപണിയില്‍ എണ്ണവില പിടിച്ചുകെട്ടാനാവാത്തവിധം കുതിച്ചുപായുന്നു. ഒന്നരവര്‍ഷം മുമ്പ് എണ്ണ സമ്പദ്ഘടനകളെ ഭീതിയിലാഴ്ത്തി ബാരലിന് 23 ഡോളര്‍ വരെ നിലംപൊത്തിയ ക്രൂഡോയിലിന്റെ വില ഇന്നലെ 69.52 ഡോളറായി കുതിച്ചുയര്‍ന്നു. ഈ വര്‍ഷംതന്നെ വില ബാരലിന് 90 ഡോളറാകുമെന്നാണ് എണ്ണ ഉല്‍പ്പാദകരാജ്യങ്ങളുടെ സംഘടനയായ ഒപ്പേക്കിന്റെ പ്രസിഡന്റും യുഎഇ ഊര്‍ജ്ജമന്ത്രിയുമായ സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജ് ഫാരിസ് അല്‍ മസ്‌റൂയിയുടെ പ്രവചനം.

ഒപേക് അംഗരാജ്യങ്ങളും റഷ്യയും വെനിസ്വലേയും ചേര്‍ന്ന് എണ്ണ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് എണ്ണവില കുതിച്ചുകയറിയത്. ആഗോളവിപണിയില്‍ പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ ക്രൂഡോയില്‍ വേണ്ടിവരുന്ന ഈ വര്‍ഷം ഉല്‍പ്പാദനം പ്രതിദിനം 98.45 ദശലക്ഷം ബാരലായി പരിമിതപ്പെടുത്താനുള്ള തീരുമാനം വില ബാരലിന് 90 ഡോളറില്‍ എത്തിക്കാന്‍ സഹായിക്കുമെന്നാണ് സൂചന. 2016ല്‍ 2.98 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് വിപണിയിലേയ്ക്ക് അനാവശ്യമായി പ്രവഹിപ്പിച്ചതായിരുന്നു എണ്ണവിലത്തകര്‍ച്ചയ്ക്ക് കാരണം. ഉല്‍പ്പാദനം വെട്ടിക്കുറച്ച വിപണിതന്ത്രത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം വില 5.6 ശതമാനം ഉയര്‍ന്ന് 57 ഡോളര്‍വരെ എത്തി. ഇപ്പോഴത്തെ ശൈത്യകാലത്ത് ഉപഭോഗം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ വിലയും ആനുപാതികമായി ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്ന് പിവിഎം ഓയില്‍ അസോസിയേറ്റ്‌സിലെ എണ്ണകാര്യ വിദഗ്ധനായ തമാസ് വര്‍ഗ പ്രവചിക്കുന്നു.

എണ്ണവില ഉയരുന്നതോടെ ഗള്‍ഫ് സമ്പദ്‌വ്യവസ്ഥകളില്‍ 4.7 ശതമാനം വരെ വളര്‍ച്ചയുണ്ടാവുമെന്ന യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയുടെ വെളിപ്പെടുത്തല്‍ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. എണ്ണ പ്രതിസന്ധിയില്‍ നേരിട്ട സാമ്പത്തികമാന്ദ്യത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ കരകയറിക്കഴിഞ്ഞു. എണ്ണയേതര വരുമാനം വര്‍ധിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാസികളുടെ വേതനവര്‍ധന ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന പ്രത്യാശനല്‍കുന്നു. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതോടെ മലയാളികളടക്കമുള്ള പതിനായിരങ്ങള്‍ക്ക് ഗള്‍ഫ് തൊഴില്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന പ്രത്യാശയുണ്ട്.

എന്നാല്‍ എണ്ണവിലക്കയറ്റത്തില്‍ നടുങ്ങിനില്‍ക്കുന്നത് ഇന്ത്യക്കാരായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്ക്. എണ്ണവില പാതാളത്തോളം താണകാലത്തുപോലും പൊതുസ്വകാര്യ ഇന്ത്യന്‍ എണ്ണ കുത്തകകള്‍ ഉപഭോക്താക്കളെ കൊള്ളയടിച്ചത് 4 ലക്ഷം കോടിയോളം രൂപയാണെന്ന് ഫോക്കസ് ഇക്കണോമിക്‌സിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എണ്ണവില വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ എണ്ണ കുത്തകകള്‍ക്ക് കൊള്ളയുടെ ഒരു പൂക്കാലമാണ് ഒരുങ്ങിയിരിക്കുന്നതെന്നും ഇതേ വിദഗ്ധര്‍ പറയുന്നു. ഇനി ഏറെ വൈകാതെതന്നെ ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ഇരട്ടിയോളമായി ഇരമ്പിക്കയറുമെന്നും പ്രവചനമുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെ അഭൂതപൂര്‍വമായ വര്‍ധനയുടെ നാളുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ഇന്ത്യയുടെ ദേശീയ വളര്‍ച്ച കുത്തനെ ഇടിയുമെന്നും സാമ്പത്തിക വിദഗ്ധര്‍ അടിവരയിട്ടു പറയുന്നു.
Other News in this category



4malayalees Recommends