ശശികല ജയിലില്‍ പഠനത്തിലാണ് ; രണ്ടു കോഴ്‌സുകള്‍ ; വനിതാ ജയിലില്‍ ലൈബ്രറിയും തുറപ്പിച്ചു

ശശികല ജയിലില്‍ പഠനത്തിലാണ് ; രണ്ടു കോഴ്‌സുകള്‍ ; വനിതാ ജയിലില്‍ ലൈബ്രറിയും തുറപ്പിച്ചു
ജയില്‍ ജീവിതം അങ്ങനെ വിരസമാക്കി തള്ളിവിടാനൊന്നും ശശികല തയ്യാറല്ല. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വി.കെ. ശശികല കന്നഡ പഠിക്കുന്ന തിരക്കിലാണ്. ഒഴിവ് സമയത്തെ കന്നഡ പഠനത്തിന് ബന്ധുവും കൂട്ടുപ്രതിയുമായ ഇളവരശിയുമുണ്ട്. ജയിലിലെ സാക്ഷരതാ ക്ലാസില്‍ ചേര്‍ന്നാണ് കന്നഡ പഠിക്കുന്നത്. ഇതിനകം എഴുതാനും വായിക്കാനും പഠിച്ചതായാണ് ജയിലധികൃതര്‍ നല്‍കുന്ന വിവരം.

കന്നഡ പഠിക്കുന്നതോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിനും ശശികല ചേര്‍ന്നിട്ടുണ്ട്. ജയിലില്‍ നടപ്പാക്കിയ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പ്രയോജനപ്പെടുത്തിയാണ് കമ്പ്യൂട്ടര്‍ പഠനം.

ജയലളിതയുടെ ഒന്നാംചരമവാര്‍ഷികം മുതല്‍ ശശികല ജയിലില്‍ മൗനവ്രതത്തിലാണ്. ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജയിലിലെത്തിയ ടി.ടി.വി. ദിനകരനോടും ശശികല ഒന്നും സംസാരിച്ചില്ല. അതിനാല്‍ പഠനത്തിലും സംസാരിക്കില്ല.

ഒഴിവുള്ള സമയത്ത് പുസ്തകവായനയില്‍ മുഴുകും. തമിഴ് നോവലുകളാണ് കൂടുതലായും വായിക്കുന്നത്. നേരത്തേ പുരുഷന്മാരുടെ ജയിലിലായിരുന്നു ലൈബ്രറി. അടുത്തിടെ വനിതാ ജയിലിലും ലൈബ്രറി തുറന്നു. പുസ്തകങ്ങള്‍, ആഴ്ചപ്പതിപ്പുകള്‍, മാഗസിനുകള്‍ എന്നിവ ലൈബ്രറിയിലുണ്ട്. വനിതാ ജയിലില്‍ ലൈബ്രറി ആരംഭിക്കുന്നതിന് ശ്രമം നടത്തിയതും ശശികലയാണ്. ലൈബ്രറിയില്‍ തമിഴ് പുസ്തകങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് ശ്രീനിവാസ നഗര്‍ സിറ്റി സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് 200 തമിഴ് നോവലുകള്‍ എത്തിച്ചിരിക്കുകയാണത്രെ. ഏതായാലും പുറത്തുവരുന്ന ശശികല ആളാകെ മാറും.
Other News in this category4malayalees Recommends