എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ദൗര്‍ലഭ്യത്തിന് അറുതി വരുത്താന്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ നഴ്‌സുമാരെ വാര്‍ത്തെടുക്കുന്നു; വീട്ടില്‍ താമസിച്ച് നഴ്‌സിംഗ് പഠിക്കുന്നവര്‍ക്ക് വീടിനടുത്ത ഹോസ്പിറ്റലില്‍ പരിശീലനം നേടാം; നഴ്‌സിംഗിന് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ദൗര്‍ലഭ്യത്തിന് അറുതി വരുത്താന്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ നഴ്‌സുമാരെ വാര്‍ത്തെടുക്കുന്നു; വീട്ടില്‍ താമസിച്ച് നഴ്‌സിംഗ് പഠിക്കുന്നവര്‍ക്ക് വീടിനടുത്ത ഹോസ്പിറ്റലില്‍ പരിശീലനം നേടാം; നഴ്‌സിംഗിന് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
ദിവസം ചെല്ലുന്തോറും രോഗികളുടെ എണ്ണം പെരുകുന്നതിനൊപ്പം എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ എണ്ണം കുറഞ്ഞ് വരുകയാണ്. ബ്രെക്‌സിറ്റ് തീര്‍ത്ത അനിശ്ചിതത്വം കാരണം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നഴ്‌സുമാര്‍ കൂട്ടത്തോടെ പൊഴിഞ്ഞ് പോകുന്നുമുണ്ട്. അതിനനുസരിച്ച് പകരം നഴ്‌സുമാരെ നിയമിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയൊരു തന്ത്രവുമായാണ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് രംഗത്തെത്തുന്നത്. ഇത് പ്രകാരം വിദൂര വിദ്യാഭ്യാസത്തിലൂടെ നഴ്‌സുമാരെ വാര്‍ത്തെടുക്കുന്ന പദ്ധതി നടപ്പിലാക്കുന്ന കാര്യമാണ് ഹണ്ട് പരിഗണിച്ച് വരുന്നത്.

ഇത് പ്രകാരം ഈ സ്‌കീമില്‍ ഭാഗഭാക്കാകുന്നവര്‍ക്ക് വീട്ടില്‍ താമസിച്ച് നഴ്‌സിംഗ് പഠിക്കുന്നതിനൊപ്പം വീടിനടുത്ത ഹോസ്പിറ്റലില്‍ പരിശീലനം നേടാനും സാധിക്കും. ചുുരുക്കിപ്പറഞ്ഞാല്‍ നഴ്‌സിംഗിന് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സമ്പ്രദായം നടപ്പിലാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി ആലോചിച്ച് വരുന്നത്. ലേബര്‍ എംപിയായ ജോണ്‍മാന്‍ ഈ സ്‌കീമിനെക്കുറിച്ച് ആലോചിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനോട് ഹണ്ട് സ്വാഗതം ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ നഴ്സുമാര്‍ സര്‍വകലാശാലയില്‍ നിന്നും മൂന്ന് വര്‍ഷത്തെ കോഴ്സിന് പഠിക്കുന്നുണ്ടെങ്കിലും പഠനകാലത്തിന്റെ ഭൂരിഭാഗം സമവും ആശുപത്രികളിലാണ് കഴിച്ച് കൂട്ടുന്നതെന്നും ബാസെറ്റ്ലോയിലെ എംപിയായ ജോണ്‍മാന്‍ പറയുന്നു.

അക്കാരണത്താല്‍ നഴ്സുമാര്‍ക്ക് വീട്ടില്‍ തന്നെ നിന്ന് പഠിച്ച് ആശുപത്രികളില്‍ പരിശീലിക്കാവുന്ന ഓപ്പണ്‍ യൂണിവേഴ്സിറ്റി ശൈലിയിലുള്ള കോഴ്സ് ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നാണ് ജോണ്‍മാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ കോഴ്‌സില്‍ ഭാഗഭാക്കാകുന്നവര്‍ക്ക് കമ്പ്യൂട്ടറിലൂടെ ട്യൂട്ടര്‍ മുഖാന്തിരം പാഠങ്ങള്‍ പഠിക്കാമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത് വഴി ചെറിയ ആശുപത്രികളില്‍ കൂടുതല്‍ നഴ്സുമാരെ ലഭിക്കുമെന്നും വന്‍ നഗരങ്ങളിലെ ആശുപത്രികളിലേക്ക് പഠിക്കാന്‍ പോവുകയെന്ന ബുദ്ധിമുട്ടില്‍ നിന്നും ഇവര്‍ക്ക് മോചിതരാവാന്‍ സാധിക്കുമെന്നും ജോണ്‍ മാന്‍ അഭിപ്രായപ്പെടുന്നു. കൂടാതെ താമസസൗകര്യത്തിനുള്ള പണം ലാഭിക്കാനും ഇതിലൂടെ സാധിക്കും.

പുതിയി വിദൂരവിദ്യാഭ്യാസ സമ്പ്രദായം യാഥാര്‍ത്ഥ്യമായാലും നഴ്സുമാര്‍ക്ക് വേണമെങ്കില്‍ പഠിക്കാനായി സര്‍വകലാശാലകളിലേക്ക് പോകാന്‍ കഴിയുമെന്നും പക്ഷേ അതേ ബിരുദം വ്യത്യസ്തമായ വഴിയിലൂടെ നേടാനുള്ള അവസരമായിരിക്കും പുതിയ വിദൂര വിദ്യാഭ്യാസത്തിലൂടെ കരഗതമാവുകയെന്നും ജോണ്‍മാന്‍ വെളിപ്പെടുത്തുന്നു. പുതിയ പഠന പദ്ധതി നഴ്സുമാര്‍ക്കുള്ള ഒരു അപ്രന്റിസ്ഷിപ്പ് സ്‌കീം പോലെയായിരിക്കും മുന്നോട്ട് പോകുന്നത്. ഏതായാലും നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള ഈ പുതിയ പദ്ധതിയെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവരും അംഗീകരിക്കുമെന്നും ഉടന്‍ നടപ്പിലാകുമെന്നുമുള്ള പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends