മൂന്നു ദിവസമായി മഞ്ഞില്‍ പുതഞ്ഞ് ഗള്‍ഫ്

മൂന്നു ദിവസമായി മഞ്ഞില്‍ പുതഞ്ഞ് ഗള്‍ഫ്
ദുബായ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മൂടല്‍മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജനജീവിതം താറുമാറായി. ഉച്ചയാകുമ്പോഴേയ്ക്കും മൂടല്‍മഞ്ഞിന്റെ ആവരണം നേര്‍ത്തുവരുമെങ്കിലും സന്ധ്യ മുതല്‍ പിന്നെയും ഭൂമി കനത്ത മഞ്ഞുവീഴ്ചയിലാകും.

കര, വ്യോമഗതാഗതത്തിന് താളംതെറ്റി. ഇന്നലെ മാത്രം ദുബായില്‍ നിന്നും 127 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. അബുദാബിയില്‍ നിന്നും നൂറോളം സര്‍വീസുകളും. ഏതാനും ദിവസം കൂടി ഈ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ അറിയിപ്പ്. യുഎഇയിലെ മിക്ക വിമാനത്താവളങ്ങളും മൂടല്‍മഞ്ഞിന്റെ ആവരണത്തിലായതിനാല്‍ എല്ലാ വിമാനങ്ങളും വൈകിയോടുന്നു. ഗള്‍ഫ് സെക്ടറിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ വിവിധ രാജ്യങ്ങള്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

അവധികഴിഞ്ഞ് നിശ്ചിത തീയതിയില്‍ ജോലിക്ക് ചേരാനുള്ളവര്‍ക്കും ഗള്‍ഫില്‍ വൈകിയെത്താനേ കഴിയൂ. മൂടല്‍മഞ്ഞ് തെല്ലൊന്നു മായുന്ന ഉച്ചയോടുകൂടി ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ വിമാനസര്‍വീസുകള്‍ നടത്താനാകുന്നുള്ളുവെന്ന് എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍അറേബ്യ വിമാനകമ്പനികളുടെ അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാവിലെ എട്ടര വരെ ദുബായില്‍ നിന്ന് പുറപ്പെടേണ്ട 67 സര്‍വീസുകളാണ് റദ്ദാക്കിയത്. അബുദാബിയില്‍ 54 സര്‍വീസുകളും. 11 മണിയായതോടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം പിന്നെയും വര്‍ധിച്ചു. ലോകത്തെ ഏറ്റവും പൊക്കമേറിയ ദുബായിലെ 'ബുര്‍ജ് ഖലിഫ ടവറും' അബുദാബിയിലെ ഏറ്റവും വലിയ അംബരചുംബിയായ 105 നിലകളുള്ള വേള്‍ഡ് ട്രേഡ് സെന്ററും ഉച്ചവരെ മൂടല്‍മഞ്ഞില്‍ അദൃശ്യമാവുന്ന അത്യപൂര്‍വദൃശ്യം.

ദൂരക്കാഴ്ചയില്ലാത്തതിനാല്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അബുദാബിദുബായ് റോഡില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാത്രം 22 പേര്‍ക്ക് പരിക്കേറ്റു. പല വാഹനങ്ങളും കത്തിപ്പോയി. മൂടല്‍മഞ്ഞുമൂലം സ്‌കൂള്‍ ബസുകളുടെ ഗതാഗതം താറുമാറാകുന്നതു കണക്കിലെടുത്ത് ഇന്നലെ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു മണിക്കൂര്‍ വൈകിയായിരുന്നു ക്ലാസുകള്‍. മഞ്ഞുമൂടിയ കാലാവസ്ഥ ഈയാഴ്ച മുഴുവന്‍ തുടരുമെന്നാണ് പ്രവചനം.
Other News in this category4malayalees Recommends