ഈ മണവാട്ടികേക്കിന് ചെലവ് ഏഴ് കോടി രൂപ

ഈ മണവാട്ടികേക്കിന് ചെലവ് ഏഴ് കോടി രൂപ
ദുബായ്: മാധുര്യമൂറുന്ന ഈ മണവാട്ടിയെ അണിയിച്ചൊരുക്കാന്‍ ചെലവ് ഏഴ് കോടി രൂപ. ഒരുക്കിക്കഴിഞ്ഞപ്പോള്‍ പെണ്ണിന്റെ ഭാരം 125 കിലോ.

ഇനി ഈ മണവാട്ടിയെ മുറിച്ചുവില്‍ക്കും. ഈ അറബി മൊഞ്ചത്തിയുടെ ഓരോ കഷണത്തിനും തീവിലയെങ്കിലും വാങ്ങാന്‍ ആള്‍ ഏറെ. കേക്കു കഷണം മാത്രമേ നല്‍കൂ. പെണ്ണണിഞ്ഞിരുന്ന 10 ലക്ഷം ഡോളര്‍ വിലയുള്ള അഞ്ചു വജ്രങ്ങള്‍ ദുബായിലെ ഒരു ജൂവലറിയില്‍ നിന്ന് മണവാട്ടിയെ ഒരുക്കാന്‍ വായ്പയായി വാങ്ങിയതിനാല്‍ തിരിച്ചുനല്‍കണം.

ദുബായില്‍ അറബി മണവാട്ടിപ്പെണ്ണുങ്ങളുടെ ഫാഷന്‍ പ്രദര്‍ശനത്തിനൊരുക്കിയ 'മണവാട്ടി കേക്ക്' ലോകമാധ്യമങ്ങളില്‍ വാര്‍ത്താതരംഗമാവുന്നു. ലണ്ടനിലെ ഫാഷന്‍ ഡിസൈനറായ ഡബ്ബീ വിംഗ്ഹാമാണ് ഈ വിചിത്രമായ വമ്പന്‍ കേക്ക് രൂപകല്‍പന ചെയ്തത്. 25 കിലോ ചോക്ലേറ്റും 50 കിലോ മാവും കിലോക്കണക്കിന് പഞ്ചസാരയും വേണ്ടിവന്നു അറബിപ്പെണ്ണിന്റെ നിക്കാഹ് ഉടയാടകളോടെ പഞ്ചസാര ശിരോവസ്ത്രം സഹിതമുള്ള ഈ കേക്ക് നിര്‍മിക്കാന്‍. അഞ്ച് വജ്രങ്ങള്‍ പതിപ്പിച്ച കേക്കിന് വിംഗ്ഹാം ഒരു പേരുമിട്ടു: 'മുത്ത്!' പ്രദര്‍ശനവും വില്‍പനയും കഴിഞ്ഞാല്‍ വായ്പ വാങ്ങിയ വജ്രക്കല്ലുകള്‍ യുഎഇയിലെ ഒരു ആഭരണശാലയ്ക്ക് തിരികെ നല്‍കും.

അഞ്ചുദിവസം നിരവധി ബേക്കറി ജീവനക്കാര്‍ പണിയെടുത്താണ് വിംഗ്ഹാം രൂപകല്‍പന ചെയ്ത കേക്ക് നിര്‍മിച്ചത്. 'കണ്ടാല്‍ ഒരു കേക്കാണിതെന്ന് തോന്നുകയേയില്ല. ആടയാഭരണങ്ങളണിഞ്ഞ ഒരു അറബി മണവാട്ടിയാണെന്നേ തോന്നൂ.' തന്റെ ജീവത്തായ കേക്കിനെ തലോടി വിംഗ്ഹാം പറയുന്നു. കറുത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച 480 കോടിയോളം രൂപ വില വരുന്ന കേക്ക് നിര്‍മിച്ച് ലോകറിക്കാര്‍ഡില്‍ കയറിപ്പറ്റിയ വിംഗ്ഹം അറബിപ്പെണ്ണുങ്ങളുടെ പര്‍ദയും ഫ്രഞ്ച് പദാരക്ഷകളുമെല്ലാം കേക്കില്‍ നിര്‍മിച്ച് ലോകശ്രദ്ധ നേടിയ മിടുക്കിയാണ്.
Other News in this category4malayalees Recommends