ഗള്‍ഫില്‍ ഇനി സഞ്ചാരനികുതിയും, പ്രധാന നിരത്തുകളില്‍ വാഹനമോടിക്കാന്‍ പ്രതിദിനം 750 രൂപ ടോള്‍ നല്‍കണം

ഗള്‍ഫില്‍ ഇനി സഞ്ചാരനികുതിയും,  പ്രധാന നിരത്തുകളില്‍ വാഹനമോടിക്കാന്‍ പ്രതിദിനം 750 രൂപ ടോള്‍ നല്‍കണം
അബുദാബി: വാറ്റ് അടക്കമുള്ള നികുതിപ്പെരുമഴയില്‍ മുങ്ങിനില്‍ക്കുന്ന പ്രവാസികള്‍ക്ക് കനത്ത ആഘാതമായി സഞ്ചാരനികുതിയും. കാറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയടക്കമുള്ള വാഹനങ്ങള്‍ക്ക് പ്രതിദിനം 750 രൂപ ഇനി ടോള്‍ നല്‍കണം. മെയ് മാസം അബുദാബിയില്‍ ഈ നികുതിസമ്പ്രദായം പ്രാബല്യത്തിലാകും. ഗതാഗതത്തിരക്കുള്ള സമയത്തു മാത്രമായിരിക്കും. ടോള്‍ പിരിവെന്ന വിശദീകരണമുണ്ടെങ്കിലും അതു പ്രായോഗികമാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദുബായില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. അവിടെ ടോള്‍ പ്രതിദിനം 350 രൂപയാണ്. വാഹനങ്ങളുടെ ബാഹുല്യവും ഇതു മൂലമുണ്ടാകുന്ന ഗതാഗതകുരുക്കും ഒഴിവാക്കാനാണ് പ്രധാന ഹൈവേകളില്‍ ടോള്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതെന്ന് അബുദാബി ഗതാഗത വകുപ്പ് വ്യക്തമാക്കി. ഏതൊക്കെ റോഡുകളിലാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന വിജ്ഞാപനവും ഉടനുണ്ടാകും. അബുദാബിയിലെ മിക്കവാറും എല്ലാ റോഡുകളും ഹൈവേകളായതിനാല്‍ ടോള്‍ പിരിവിന്റെ വ്യാപ്തി വലുതായിരിക്കുമെന്ന ആശങ്കയുമുണ്ട്. എയര്‍പോര്‍ട്ട് റോഡ്, ഹംദാന്‍ സ്ട്രീറ്റ്, അബുദാബി-ദുബായി ഹൈവേ, അബുദാബി-അല്‍ഐന്‍ റോഡ് തുടങ്ങിയ പ്രധാന നിരത്തുകള്‍ ടോള്‍ പിരിവിന്റെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. പ്രതിദിനം ലക്ഷക്കണക്കിന് കാറുകളും ഭാരവാഹനങ്ങളും നിര്‍മാണമേഖലകളിലെ വാഹനങ്ങളും സഞ്ചരിക്കുന്ന ഈ പ്രധാന റോഡുകള്‍ ഇതോടെ ടോള്‍ വഴി എണ്ണയേതര വരുമാനത്തിന്റെ മുഖ്യസ്രോതസാകുമെന്നും കണക്കാക്കപ്പെടുന്നു.

ടോള്‍ മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക് ആയി ടോള്‍ ഈടാക്കുമെന്നതിനാല്‍ ഈ റോഡുകളില്‍ ടോള്‍ബൂത്തുകളും ഉണ്ടായിരിക്കുന്നതല്ല. ടോള്‍ അടയ്ക്കാതിരുന്നാല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയായിരിക്കും പിഴ. പ്രധാന റോഡുകള്‍ ഒഴിവാക്കി ഇടറോഡുകളിലൂടെ വാഹനമോടിക്കാമെന്ന് വച്ചാല്‍ കൂടുതല്‍ ദൂരം വാഹനമോടിക്കേണ്ടി വരും. ഇത് ഇന്ധനച്ചെലവ് കൂടാന്‍ കാരണമാകും. സര്‍ക്കാര്‍ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, സൈനികസിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഭാരിച്ച ടോള്‍ മൂലം വാഹനഉടമകള്‍ ഇനി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്‍ കൂടുതല്‍ നിര്‍ബന്ധിതരാകും. ചരക്കുവാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കാന്‍ ഇടറോഡുകളെ ആശ്രയിക്കാനുമാവില്ല. ഇത് മൂലം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും ചെയ്യും. നിര്‍മാണ സ്ഥലങ്ങളിലേയ്ക്കുള്ള ആയിരക്കണക്കിന് വാഹനങ്ങള്‍ ടോള്‍ അടയ്‌ക്കേണ്ടി വരുന്നത് നിര്‍മാണച്ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാകും.

ഈ അധികചെലവ് തട്ടിക്കഴിക്കാന്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനാണിട. നിര്‍മാണമേഖലയിലെ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും മലയാളികളടക്കമുള്ള ഇന്ത്യാക്കാരും ബംഗ്ലാദേശികളും നേപ്പാളികളും പാകിസ്ഥാന്‍കാരുമാണ്.
Other News in this category4malayalees Recommends