ഗൗരി നേഘയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപികമാരെ തിരിച്ചെടുത്ത സംഭവം ; പ്രധാന അധ്യാപികയ്ക്കെതിരെ നടപടി ; അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു
ഗൗരി നേഘയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസിലെ ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടിയെടുത്തു. പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു.
ഇനി ഒന്നര മാസം കൂടിയാണ് പ്രിന്‍സിപ്പലിന് സേവന കാലാവധിയുള്ളത്. അധ്യാപികമാരെ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ജോണിനെതിരെ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല സ്കൂളിന്റെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് നോട്ടീസ് നല്കി. ഇതിന്മേലാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.
വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഹയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരികെ സ്കൂളില്‍ പ്രവേശിപ്പിച്ചതും, അവര്‍ക്ക് അവധിക്കാലാടിസ്ഥാനത്തില് ശമ്പളം നല്കിയതും വലിയ ചര്‍ച്ചയായിരുന്നു. പ്രകോപനപരവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ നീക്കമാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായത് .ഇതോടെ പ്രതിഷേധം ശക്തമായിരുന്നു. പെട്ടെന്നുള്ള മാനേജ്മെന്റ് നീക്കത്തിന് കാരണവും ഈ പ്രതിഷേധം തന്നെയാണ്.