ബാര്‍ കോഴ കേസില്‍ ഒട്ടേറെ സഹിച്ചെന്ന് കെ എം മാണി ; ബിജു രമേശിന്റെത് വൈകി വന്ന കുറ്റസമ്മതമെന്ന് കേരളാ കോണ്‍ഗ്രസ്

ബാര്‍ കോഴ കേസില്‍ ഒട്ടേറെ സഹിച്ചെന്ന് കെ എം മാണി ; ബിജു രമേശിന്റെത് വൈകി വന്ന കുറ്റസമ്മതമെന്ന് കേരളാ കോണ്‍ഗ്രസ്
ബാര്‍കോഴ കേസിന്റെ പേരില്‍ ഒട്ടേറെ സഹിക്കുകയും ത്യാഗങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. മാണിക്കെതിരെ കേസ് നടത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് സിപിഎം ഉറപ്പുനല്‍കിയതായുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദേഹം. ഇനി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാണി പറഞ്ഞു.

അതേസമയം ബിജു രമേശിന്റേത് വൈകി വന്ന കുറ്റസമ്മതമെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു. ബാര്‍കോഴ കേസ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പല തവണ ആവര്‍ത്തിച്ചതാണ്. തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുമ്പോള്‍ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയരാജ് പറഞ്ഞു.

കേസിന്റെ തുടക്കത്തില്‍ തന്നെ ബിജു രമേശ് കേസ് ചില ബാഹ്യശക്തികളുടെ പരപ്രേരണയാണെന്ന് പറഞ്ഞിരുന്നു. ഇനി ആരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തും എന്ന് കാലം തെളിയിക്കും. ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തിയെ ബാറുകള്‍ തുറക്കുക എന്ന സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രം പൊതുമധ്യത്തില്‍ ആരോപണ വിധേയനാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കട്ടെ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അടുത്തകാലത്ത് പലരുടേയും പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജയരാജ് പറഞ്ഞു

Other News in this category4malayalees Recommends