താന്‍ വലിയ ഗുണ്ടയൊന്നുമല്ല ; പ്രചരിക്കുന്നത് കള്ളങ്ങള്‍ ; മൂന്നുവര്‍ഷമായി ഒളിവില്‍ താമസിക്കുകയായിരുന്നു ; വെളിപ്പെടുത്തലുമായി കീഴടങ്ങിയ ബിനു പാപ്പച്ചന്‍

താന്‍ വലിയ ഗുണ്ടയൊന്നുമല്ല ; പ്രചരിക്കുന്നത് കള്ളങ്ങള്‍ ; മൂന്നുവര്‍ഷമായി ഒളിവില്‍ താമസിക്കുകയായിരുന്നു ; വെളിപ്പെടുത്തലുമായി കീഴടങ്ങിയ ബിനു പാപ്പച്ചന്‍
പൊലീസും മാധ്യമങ്ങളും പറയുന്നതുപോലെ താന്‍ വലിയ ഗുണ്ടയൊന്നുമല്ലെന്ന് പൊലീസില്‍ കീഴടങ്ങിയ ബിനു പാപ്പച്ചന്‍. ബിനു തന്നെക്കുറിച്ചും സംഭവത്തെക്കുറിച്ചും പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ബിനു തമിഴ്‌നാട്ടില്‍ ചായക്കടയില്‍ ജോലിക്കാരനായിരുന്നു. പിന്നീടാണ് അധോലോകത്തേക്ക് എത്തുന്നത്. 50 വയസുള്ള താന്‍ പ്രമേഹരോഗിയാണെന്നും ബിനു പറയുന്നു.

'മോശം കൂട്ടുകെട്ടുകാരണം പല കേസുകളിലും പെട്ടിട്ടുണ്ട്. ജയിലില്‍ നിന്നു വന്നശേഷം നന്നാകാന്‍ തീരുമാനിച്ച ഞാന്‍ ഒളിവില്‍പോയി. മൂന്നുവര്‍ഷമായി കാരൂരിലായിരുന്നു താമസം. സഹോദരനൊഴിച്ച് മറ്റാര്‍ക്കും ഇതേക്കുറിച്ച് അറിയില്ലായിരുന്നു. അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ചൈന്നെയിലേക്കു വരാന്‍ സഹോദരന്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് എല്ലാ കുഴപ്പവും തുടങ്ങിയത്. ചെന്നൈയ്ക്ക് സമീപം വലിയ പിറന്നാളാഘോഷം ഒരുക്കി അവന്‍ എന്നെ അമ്പരപ്പിച്ചു. അപ്പോഴാണ് എന്റെ പഴയ ഗുണ്ടാസുഹൃത്തുക്കളെയും പുതിയ ഗുണ്ടകളേയും പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നറിയുന്നത്. ഇതു പ്രശ്‌നമാകുമെന്നറിയാവുന്നതുകൊണ്ട് എന്തിനാണ് ഇങ്ങനെ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് അവനോടു ചോദിച്ചു.

എന്നാല്‍ ഒരു കേക്ക് മുറിച്ചിട്ടുപൊയ്‌ക്കൊള്ളാന്‍ അവന്‍ ആവശ്യപ്പെട്ടു. ഒരു വാള്‍ തന്നിട്ട് കേക്കു മുറിക്കാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതുപോലെ ചെയ്യുകയുമാണുണ്ടായത്. ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ പ്രദേശം മുഴുവന്‍ പോലീസ് വളഞ്ഞിരുന്നു എന്നാലും സ്ഥലത്തുനിന്നു ഞാന്‍ രക്ഷപ്പെട്ടു. എനിക്ക് ഒളിച്ചിരിക്കാനാവില്ല. അതുകൊണ്ടാണ് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായത്. എന്നോടു ക്ഷമിച്ച് എല്ലാ തെറ്റുകളില്‍നിന്നു മാപ്പു നല്‍കണം. ഞാന്‍ വലിയ ഗുണ്ടയല്ല' ബിനു വീഡിയോയില്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് ബിനു പാപ്പച്ചന്‍ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകമടക്കം 28 കേസുകളില്‍ പ്രതിയായ ബിനു പാപ്പച്ചന്റെ അന്‍പതാം പിറന്നാള്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചൈന്നെയില്‍ ആഘോഷിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ബിനുവിന്റെ പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലം പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് 74 ഓളം ക്രിമിനലുകളാണ് അകത്തായത്.

Other News in this category4malayalees Recommends