പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,505 കോടി രൂപയുടെ തട്ടിപ്പ് ; പത്തു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,505 കോടി രൂപയുടെ തട്ടിപ്പ് ; പത്തു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,505 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നതായി കണ്ടെത്തിയ പത്തു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് അന്വേഷണ വിധേയമായി ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ, അക്കൗണ്ടുകളിലൂടെ കോടികളുടെ തിരിമറി നടത്തിയതായി പറയപ്പെടുന്ന പ്രമുഖ ആഭരണ ബിസിനസുകാരന്‍ നിരവ് മോഡിക്കെതിരെ സി ബി ഐ കേസെടുത്തു. മോഡിക്കെതിരെ ബാങ്ക് രണ്ടു പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് സി ബി ഐ വെളിപ്പെടുത്തി. ലോകത്തെമ്പാടും സെലിബ്രിറ്റികള്‍ക്ക് പ്രത്യേക ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് നിരവ് മോഡി. തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില കൂപ്പ് കുത്തി. ഇന്ന് രാവിലെ 156 രൂപയില്‍ ആരംഭിച്ച ഓഹരി വില 145 .80 രൂപയിലാണ് ക്ലോസ് ചെയ്തത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബയിലെ ഒരു ശാഖയില്‍ കോടികളുടെ വന്‍ തട്ടിപ്പ് നടന്നതായി ബാങ്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അനധികൃത ഇടപാടുകള്‍ വഴി 177 കോടി ഡോളറാണ് ധ11,505 കോടി രൂപപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഈ ശാഖയിലെ ഏതാനും ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം കൈമാറിയതായി ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗോകുല്‍നാഥ് ഷെട്ടി, ഹനുമന്ത കാരാട്ട് എന്നീ ജീവനക്കാരുടെ സഹായത്തോടെ നിരവ് മോഡി, നിഷാല്‍ മോഡി, അമി നിരവ് മോഡി, മേഹുല്‍ ചിനുബായി ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. അവര്‍ ഈ പണം വിദേശത്തു പിന്‍വലിച്ചതായും വ്യക്തമായിട്ടുണ്ട്.

Other News in this category4malayalees Recommends